
കൊച്ചി: സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും അനുബന്ധ വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. വാഹന വിപണന മേഖലയിലുണ്ടാക്കിയ തിരിച്ചടിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ് പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‍സ്. കാർഷിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ ടയറാണ് കളമശേരി അപ്പോളോ പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്നത്. ചാലക്കുടിയിൽ ട്രക്കുകളുടേയും മിനിട്രക്കുകളുടേയും ടയറുകളും.പ്രമുഖ കമ്പനികൾ ടയർ ഏറ്റെടുക്കുന്നത് കുറച്ചതോടെ കളമശേരി യൂണിറ്റിൽ അൻപത്തയ്യായിരം ടയറുകൾ കെട്ടിക്കിടക്കുകയാണ്.
കളമശേരി പ്ലാന്‍റിൽ പ്രതിദിനം 110 ടൺ ആയിരുന്നു ഉത്പാദനശേഷി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത് 70 ടൺ ആക്കി കുറച്ചിരുന്നു.ചാലക്കുടി അടക്കം മറ്റ് യൂണിറ്റുകളിലും സമാനമായ പ്രതിസന്ധിയുണ്ട്. ഇതേ തുടര്‍ന്നാണ് ഓണാവധിക്കൊപ്പം 2 ദിവസം കൂടി പ്ലാന്‍റ് അടച്ചിട്ടത്. തൊഴിലാളി യൂണിയനുകളുമായി കൂടി ആലോചിച്ചായിരുന്നു തീരുമാനം.
സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റ് 2 ദിവസത്തെ ലേ ഓഫ് പ്രഖ്യാപിച്ചത്. ലേഓഫിന് ശേഷം പ്ലാന്‍റുകൾ വീണ്ടും തുറന്നെങ്കിലും ഉത്പാദനം വീണ്ടും കുറയ്ക്കാനാണ് തീരുമാനം. ഒക്ടോബർ 2ലെ അവധിക്കൊപ്പം 1, 3 തീയതികളിൽ ചാലക്കുടി പേരാമ്പ്രയിലെ പ്ലാന്‍റ് അടച്ചിടുമെന്നും സൂചനയുണ്ട്