ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ

Published : Apr 02, 2026, 01:02 PM IST
indian rupee

Synopsis

ഡോളറിനെതിരെ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന മുന്നേറ്റം നടത്തി ഇന്ത്യന്‍ രൂപ. റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. എന്നാല്‍, ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുന്നത് രൂപയുടെ തുടര്‍ന്നുള്ള മുന്നേറ്റത്തിന് വെല്ലുവിളിയാകുന്നുണ്ട്.

തിരുവനന്തപുരം: ഡോളറിനെതിരെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ രൂപ. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന മുന്നേറ്റമാണ് ഇന്ന് രൂപ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.8 ശതമാനം വര്‍ധിച്ച് 93.17 നിലവാരത്തിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവാണിത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. രണ്ടു ദിവസത്തെ അവധിക്ക് ശേഷം വിപണി തുറന്നപ്പോള്‍ വന്‍ കുതിപ്പാണ് രൂപയിലുണ്ടായത്.

ആര്‍ബിഐയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് 'നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്സ്' എന്നറിയപ്പെടുന്ന വിനിമയ കരാറുകള്‍ നല്‍കുന്നത് ആര്‍ബിഐ വിലക്കി. കൂടാതെ, വിദേശ വിനിമയ കരാറുകള്‍ റദ്ദാക്കിയാല്‍ കമ്പനികള്‍ക്ക് അവ വീണ്ടും ബുക്ക് ചെയ്യാനുള്ള അനുവാദവും റദ്ദാക്കി. ഇതോടെ വിപണിയില്‍ ഡോളറിനായുള്ള ഡിമാന്‍ഡ് കുറയുകയും രൂപയ്ക്ക് സ്ഥിരത കൈവരുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 30-ന് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95 കടന്ന് താഴേക്ക് പോയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധനയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

ആശങ്കയായി യുദ്ധവും എണ്ണവിലയും

രൂപ വിപണിയില്‍ നില മെച്ചപ്പെടുത്തുമ്പോഴും ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇറാന്‍ യുദ്ധം കടുപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 106 ഡോളറായി ഉയര്‍ന്നു. ഇറാനുമായുള്ള യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആവശ്യമെങ്കില്‍ ഇറാന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന് കനത്ത പ്രഹരം നല്‍കും, അവരെ ശിലായുഗത്തിലേക്ക് മടക്കി അയക്കും' എന്ന ട്രംപിന്റെ വിവാദ പരാമര്‍ശം എണ്ണ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എണ്ണവിലയിലെ ഈ വര്‍ധന രൂപയുടെ തുടര്‍ന്നുള്ള മുന്നേറ്റത്തിന് തടസമാകുമോ എന്ന ആശങ്ക വിപണിയിലുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ