കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്തേകാൻ റിലയൻസും

By Web TeamFirst Published Apr 29, 2021, 5:41 PM IST
Highlights

ഇത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതിൽ ജീവൻ കവർന്നെടുക്കുമ്പോൾ, മഹാമാരിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാൻ റിലയൻസും രംഗത്തേക്ക്. ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്സിജൻ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും.

ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഫോണിൽ വിളിച്ച് സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ സഹായിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടുപിന്നാലെ വരുന്ന ഞായറാഴ്ചക്കുള്ളിൽ 400 കിടക്കകൾ കൂടി ലഭ്യമാകുമെന്ന് വിജയ് രൂപാണി ട്വീറ്റ് ചെയ്തിരുന്നു.

ആശുപത്രി നിർമ്മിക്കാനുള്ള റിലയൻസ് ഇന്റസ്ട്രീസ് ചെയർമാന്റെ തീരുമാനം ജാംനഗർ, ദ്വാരക, സൗരാഷ്ട്ര മേഖലകളിലെ ജനത്തിന് സഹായകരമാകും. ജാംനഗറിലെ തങ്ങളുടെ റിഫൈനറിയിൽ നിന്ന് പ്രതിദിനം 700 ടൺ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപ്പാദിപ്പിക്കാനും റിലയൻസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!