ഒടുക്കം കടം വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസും ജിയോയും: ചർച്ചകൾ തുടങ്ങി

By Web TeamFirst Published Oct 11, 2022, 1:36 PM IST
Highlights

വിദേശത്ത് നിന്നും കടം വാങ്ങാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും ജിയോയും. മൊത്തം 33000 കോടി കടമെടുത്തേക്കും. തുക ഉപയോഗിക്കുക ഈ ആവശ്യങ്ങൾക്കായി 
 

രാജ്യത്തെ മുൻനിര കമ്പനികൾ പ്രധാനികളായ റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ജിയോ എന്നിവ വിദേശത്തുനിന്ന് വായ്പയെടുക്കാൻ ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസ് 12400 കോടി രൂപയും റിലയൻസ് ജിയോ 20,600 കോടി രൂപയുമാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

 ബർക്ലെയ്സ്, എച്ച്എസ്ബിസി, മിറ്റ്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് ബാങ്ക് എന്നിവയുമായി കമ്പനി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. അഞ്ചുവർഷക്കാലത്തേക്കാണ് വായ്പ എടുക്കുന്നതെന്നാണ് വിവിധ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: രാജസ്ഥാനിൽ 65,000 കോടി നിക്ഷേപിക്കാൻ ഗൗതം അദാനി; പിന്നിൽ വലിയ ലക്ഷ്യങ്ങൾ

 വിദേശത്തുനിന്ന് കമ്പനികൾ വായ്പ എടുക്കുന്നതിന് 1.5 ബില്യൺ ഡോളർ വരെ പ്രത്യേക അനുമതി റിസർബാങ്ക് അടക്കമുള്ള ഏജൻസികളിൽ നിന്ന് തേടേണ്ടതില്ല. അതിനാൽ തന്നെ വായ്പ ലഭിക്കാൻ റിലയൻസ് ഇൻഡസ്ട്രീസിന് മുന്നിൽ മറ്റു കടമ്പകളില്ല.

 ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ക്രെഡിറ്റ് അഗ്രികോൾ, ഡി ബി എസ് ബാങ്ക്, മിസുഹോ ബാങ്ക് എന്നിവ വായ്പയുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചയിലാണ്. രാജ്യത്ത് 5ജി നെറ്റ്‌വർക്കിന്റെ ഉപകരണങ്ങൾ എത്തിക്കുന്നതിനും സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ജിയോ വായ്പ എടുക്കുന്നത്. 

സ്വീഡനിലെ എറിക്സണിൽ നിന്നും ഫിൻലാന്റിലെ നോക്കിയയിൽ നിന്നും 5ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയാണ് ജിയോ. കടമെടുപ്പിന്റെ കാലയളവ് മൂന്ന് മുതൽ ഏഴ് വർഷം വരെയാകാം എന്നാണ് റിപ്പോർട്ട്.

 Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ

2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


 

click me!