
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ച് റിലയൻസ് (Reliance) ഓഹരികൾ (share) . കഴിഞ്ഞ കുറച്ച് സെഷനുകൾ മുതൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance Industries) ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ബെഞ്ച്മാർക്ക് സൂചികകളിലെ നേട്ടം വർധിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Reliance Industries Limited) ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബിഎസ്‌ഇയിൽ (BSE) 2 ശതമാനത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ബിഎസ്‌ഇ 2,775 രൂപയായി ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ചു. ബിഎസ്ഇയിൽ റിലയൻസിന്റെ വിപണി മൂലധനം 18.7 ലക്ഷം കോടി രൂപയിലധികമാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ വൻ കുതിപ്പാണ് കഴിഞ്ഞ കുറച്ചു സെഷനുകളിലായി ഉണ്ടായത്. സെൻസെക്‌സിലെ 2% ഇടിവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ ഏകദേശം 7% ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ റിലയന്‍സ് ഓഹരികളുടെ (Reliance share) കുതിപ്പിന് വഴിവച്ചിരിക്കുന്ന പ്രധാന ഘടകം വരുമാന റിപ്പോർട്ട് നൽകുന്ന പ്രതീക്ഷയാണ്. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജിയോയുടെ (Jio) പ്രവർത്തനങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ ജിയോയുടെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഉയർന്നിട്ടുണ്ട്. മാത്രമല്ല ക്രൂഡ് ഓയില്‍ വില വര്‍ധന റിലയൻസിന് മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. ഒപ്പം ഫാഷന്‍ ലേബലായ അബു ജാനി സന്ദീപ് ഖോസ്ലയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള കരാറില്‍ റിലയന്‍സ് ബ്രാന്‍ഡ്സ് ഒപ്പ് വെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.3 ശതമാനം കുതിച്ചുയർന്നിരുന്നു.