ഫ്യൂചർ-റിലയൻസ് ഇടപാട് കാലാവധി ആറ് മാസത്തേക്ക് നീട്ടി

By Web TeamFirst Published Mar 10, 2021, 11:00 PM IST
Highlights

അതേസമയം ഫ്യൂചർ റീടെയ്‌ലിന്റെ പ്രവർത്തനത്തിന് വേണ്ട സഹായം നൽകാൻ ശ്രമിക്കുമെന്നും തീരുമാനമുണ്ട്. 

ദില്ലി: ഇന്ത്യയിലെ വ്യാപാര രംഗത്തെ ഇപ്പോഴത്തെ പ്രധാന തർക്കമായ ഫ്യൂചർ ആമസോൺ കേസിന്റെ പശ്ചാത്തലത്തിൽ, ഫ്യൂചർ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള ഇടപാടിന്റെ കാലാവധി റിലയൻസ് നീട്ടി. ആറ് മാസത്തേക്കാണ് നീട്ടിയത്. അതേസമയം ഫ്യൂചർ റീടെയ്‌ലിന്റെ പ്രവർത്തനത്തിന് വേണ്ട സഹായം നൽകാൻ ശ്രമിക്കുമെന്നും തീരുമാനമുണ്ട്. ഇക്കാര്യം നേരിട്ട് അറിയാവുന്ന രണ്ട് പേരാണ് പേര് വെളിപ്പെടുത്താതെ മിന്റ് ദിനപത്രത്തിനോട് പ്രതികരിച്ചത്.

24713 കോടി രൂപയുടേതാണ് ഫ്യൂചർ - റിലയൻസ് ഇടപാട്. ആമസോൺ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിൽ മെയ് മാസത്തിനകം ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിലാണ് കോടതി വിധി വരുന്നതിന് മുൻപ് തന്നെ ഇടപാട് കാലാവധി നീട്ടിയത്. ഈ കേസിൽ വാദം കേൾക്കുന്ന ദേശീയ കമ്പനി ട്രൈബ്യൂണൽ കേസ് മാർച്ച് 15 ലേക്ക് നീട്ടി വെച്ചിരിക്കുകയാണ്. 

ഫ്യൂചർ റീടെയ്ലിന്റെ ചില സ്റ്റോറുകളുടെ ലീസ് എഗ്രിമെന്റ് റിലയൻസിന് കൈമാറി. ഇപ്പോൾ കമ്പനി നേരിടുന്ന സാമ്പത്തിക പ്രയാസത്തിൽ നിന്ന് ആശ്വാസം കണ്ടെത്താനാണിത്. ചില മെട്രോ സിറ്റികളിലെയും ടയർ 2 നഗരങ്ങളിലെയും ഫ്യൂചർ ഗ്രൂപ് റീടെയ്ൽ, ബിഗ് ബസാർ, എഫ്ബിബി സ്റ്റോറുകൾ എന്നിവയാണ് റിലയൻസിന് കൈമാറിയിരിക്കുന്നത്.

click me!