നോട്ട് നിരോധന കാലത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് ബാങ്കുകളോട് ആർബിഐ

By Web TeamFirst Published Jun 8, 2021, 10:00 PM IST
Highlights

അന്ന് നിലവിലുണ്ടായിരുന്ന 500 രൂപയുടെയും 1000 രൂപയുടെയും കറൻസിയാണ് നിരോധിക്കപ്പെട്ടത്. 

ദില്ലി: നോട്ട് നിരോധന കാലത്തെ ബ്രാഞ്ചുകളിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് റിസർവ് ബാങ്ക്. 2016 നവംബർ എട്ട് മുതൽ 2016 ഡിസംബർ 30 വരെയുള്ള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിലാണ് നിർദ്ദേശം. നിയമവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്.

അന്ന് നിലവിലുണ്ടായിരുന്ന 500 രൂപയുടെയും 1000 രൂപയുടെയും കറൻസിയാണ് നിരോധിക്കപ്പെട്ടത്. 2016 നവംബർ എട്ടിന് രാത്രിയിലായിരുന്നു പ്രഖ്യാപനം. കള്ളപ്പണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടും, തീവ്രവാദ ഫണ്ടിംഗ് ഇല്ലാതാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്. നിരോധിച്ച നോട്ടുകൾക്ക് പകരമായി 500 ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകളാണ് പുറത്തിറക്കിയത്.

ഈ സമയത്ത് ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യത്താകമാനം ഇതായിരുന്നു സ്ഥിതി. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു ഇത്. നിയമവിരുദ്ധമായി പുതിയ നോട്ടുകൾ കൈക്കലാക്കിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ. അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!