ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനുകൾ പുറത്തിറക്കാൻ ആർബിഐ

By Web TeamFirst Published Feb 8, 2023, 1:28 PM IST
Highlights

തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനുകൾ പുറത്തിറക്കും.  ഇത് സാധാരണക്കാർക്ക് പ്രയോജനം ചെയ്‌തേക്കുമെന്ന് ആർബിഐ ഗവർണർ 
 

ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. ബുധനാഴ്ച നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ യന്ത്രങ്ങൾ പുറത്തിറക്കുന്നതെന്ന് ഗവർണർ പറഞ്ഞു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനിൽ (ക്യുസിവിഎം) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും ഈ വെൻഡിംഗ് മെഷീനുകൾ ബാങ്ക് നോട്ടുകൾക്ക് പകരം നാണയങ്ങൾ വിതരണം ചെയ്യും എന്നും ഗവർണർ വ്യക്തമാക്കി.  ഇത് സാധാരണക്കാർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലീകരിക്കുമെന്നും ഈ യന്ത്രങ്ങൾ ഉപയോഗിച്ച് നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.  

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒന്നിലധികം വലിയ ആഘാതങ്ങളെ വിജയകരമായി കൈകാര്യം ചെയ്തുവെന്നും മുമ്പത്തേക്കാൾ ശക്തമായി ഉയർന്നുവന്നിട്ടുണ്ടെന്നും പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ  ആർബിഐ ഗവർണർ പറഞ്ഞു.  ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്. "ഇന്ത്യയ്ക്ക് അന്തർലീനമായ ശക്തിയും, പ്രാപ്തമാക്കുന്ന നയ അന്തരീക്ഷവും, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ശക്തമായ മാക്രോ ഇക്കണോമിക് വ്യവസ്ഥയും ഉണ്ടെന്ന്  ഗവർണർ പറഞ്ഞു. ആർബിഐയുടെ  ധന നയ സമിതി റിപ്പോ നിരക്ക് 25 ബസിസ് പോയിന്റ് വർധിപ്പിച്ചിട്ടുണ്ട്. 

click me!