
പാപ്പര്‍ ഹര്‍ജി നല്കാൻ തയ്യാറെടുത്ത് കോസ്‌മെറ്റിക്‌സ് നിര്‍മാതാക്കളായ റെവ്‌ലോണ്‍ (Revlon). വിതരണ ശൃംഖലയിൽ നേരിടേണ്ടി വന്ന തകർച്ചയ്ക്കും കുത്തനെയുള്ള പണപ്പെരുപ്പത്തിനും ഇടയിൽ ഉടലെടുത്ത കനത്ത കടബാധ്യതയാണ് റെവ്‌ലോണിന് തിരിച്ചടിയായത്. കോസ്‌മെറ്റിക്‌സ് ബിസിനസിലെ കടുത്ത മത്സരത്തിൽ റെവെലോണിന് കാലിടറുന്ന കാഴ്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാണാനായത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ കടബാധ്യത ഏകദേശം 3.31 ശതകോടി ഡോളറാണ്.
പാപ്പർ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ വായ്പാ സ്ഥാപനങ്ങളുമായി റെവ്‌ലോണ്‍ ചർച്ച ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പകർച്ചവ്യാധി സമയത്ത് കമ്പനിക്ക് കനത്ത തിരിച്ചടികളാണ് ഉണ്ടായത്. ഉപഭോക്തൃ അഭിരുചികൾ മാറിമറിഞ്ഞത് കമ്പനിയെ കുഴപ്പത്തിലാക്കി. ഇതോടെ വിപണിയിൽ പിടിച്ച് നില്ക്കാൻ പെടാപാട് പെടേണ്ടി വന്നു. കൂടാതെ പുതിയ കമ്പനികളുടെ ഉദയവും മാർക്കറ്റിലെ പുതിയ വിപണ തന്ത്രങ്ങളും റെവ്‌ലോണിനെ തറപറ്റിച്ചു. 90 വർഷം പഴക്കമുള്ള കമ്പനിക്ക് അടവുകൾ മാറ്റി പയറ്റിയിട്ടും നിലനില്പുണ്ടായില്ല. ഒരിക്കൽ കോസ്മെറ്റിക്ക് ലോകത്തെ ആഡംബരത്തിന്റെ മറുവാക്കായിരുന്നു റെവ്‌ലോൺ. എന്നാൽ ഇന്ന് അത് കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
മഹാമാരിക്ക് ശേഷം ആഗോള കോസ്‌മെറ്റിക്‌സ് (Cosmetics Company) വിപണി തിരിച്ചു വരവ് നടത്തുകയാണെങ്കിലും റെവ്‌ലോണിന് അതിൽ പങ്കാളിയാകാൻ സാധിച്ചില്ല. സോഷ്യൽ മീഡിയയിൽ വൻതോതിൽ പരസ്യം ചെയ്യുന്ന പുതിയ ബ്രാൻഡുകളുമായി മത്സരിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. കോടീശ്വരനായ റോൺ പെരൽമാന്റെ ഉടമസ്ഥതയിലുള്ളതാണ് റെവ്‌ലോണ്‍. കോസ്‌മെറ്റിക് കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തന്നെ കമ്പനിയുടെ ഓഹരി വിലയിൽ 46 ശതമാനം ഇടിവുണ്ടായി