വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാരിൽ ധനികൻ ഗൗതം അദാനിയുടെ സഹോദരൻ

By Web TeamFirst Published Sep 25, 2022, 8:57 AM IST
Highlights

സിംഗപ്പൂർ, ദുബായ്, ജക്കാർത്ത എന്നിവിടങ്ങളിലെ ട്രേഡിങ് ബിസിനസുകളുടെ ചുമതലയാണ് ദുബായിൽ താമസിക്കുന്ന വിനോദ് ശാന്തിലാൽ അദാനി നോക്കിനടത്തുന്നത്.

മുംബൈ: അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് ശാന്തിലാൽ അദാനി വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരിൽ ഏറ്റവും ധനികനെന്ന നേട്ടത്തിൽ. ഐ ഐ എഫ് എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച് ലിസ്റ്റ് പ്രകാരമാണ് വിനോദ് ഈ നേട്ടത്തിൽ എത്തിയത്.

 ഇന്ത്യക്കാരിൽ ആറാമത്തെ അതിസമ്പന്നൻ കൂടിയാണ് വിനോദ്. 1.69 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഇത്തവണ വിദേശത്ത് ജീവിക്കുന്ന 94 പേരാണ് ഇടംപിടിച്ചത്.

സിംഗപ്പൂർ, ദുബായ്, ജക്കാർത്ത എന്നിവിടങ്ങളിലെ ട്രേഡിങ് ബിസിനസുകളുടെ ചുമതലയാണ് ദുബായിൽ താമസിക്കുന്ന വിനോദ് ശാന്തിലാൽ അദാനി നോക്കിനടത്തുന്നത്. 1976 ൽ മുംബൈയിൽ ടെക്സ്റ്റൈൽ ബിസിനസായിരുന്നു വിനോദിന്റെ തുടക്കം. 1994ലാണ് ഇദ്ദേഹം ദുബൈയിലേക്ക് താമസം മാറ്റിയത്. പിന്നീട് ഇവിടെയായിരുന്നു ബിസിനസും. ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് ഇദ്ദേഹം.

 കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിനോദിന്റെ ആസ്തി 850 ശതമാനം വർദ്ധിച്ചു. ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി ഇക്കാലയളവിൽ 15.4 മടങ്ങ് വർധിച്ചു. അതേസമയം വിനോദ് അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 9.5 മടങ്ങാണ് വർദ്ധിച്ചത്.

അദാനിയും അംബാനിയും നേർക്കുനേർ; പുതിയ കരാർ ജീവനക്കാർക്ക് വേണ്ടി

click me!