
ദില്ലി: ചൈനീസ് നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയോ വേണമെന്ന് കേന്ദ്രത്തിനോട് നിതി ആയോഗ് പാനൽ ശുപാർശ ചെയ്തതായി റിപ്പോർട്ട്. നിതി ആയോഗ് അംഗം രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. സമിതി ഒക്ടോബറിൽ പൂർത്തിയാക്കിയ റിപ്പോർട്ട് വിലയിരുത്തി ഡിസംബർ 31 നകം അന്തിമ തീരുമാനത്തിലെത്താൻ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ശുപാർശ ചെയ്തതായാണ് സൂചന.
ചൈനീസ് നിക്ഷേപം ആഗോള വ്യാപാര ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവിനെ പിന്തുണയ്ക്കുകയും കയറ്റുമതി സാധ്യതകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങളോടുള്ള ഇന്ത്യയുടെ നയ സമീപനത്തെ മാറ്റാനും പുതുക്കാനും ഈ റിപ്പോർട്ടിലൂടെ സാധിക്കുമെന്നാണ് സൂചന.
സാമ്പത്തികേതര നിയന്ത്രണ പരിഷ്കാരങ്ങൾക്കായി ഉന്നതതല സമിതി രണ്ട് വഴികൾ നിർദ്ദേശിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ഒന്ന്, ചൈന ഉൾപ്പെടെയുള്ള ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) നിലവിൽ നിയന്ത്രിക്കുന്ന "പ്രസ്സ് നോട്ട് 3" പിൻവലിക്കുക എന്നതാണ്. രണ്ട്, ഗുണഭോക്തൃ ഉടമസ്ഥാവകാശം ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ നിക്ഷേപങ്ങൾ അനുവദിക്കുക എന്നതാണ്, അതേസമയം, ശുപാർശകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നീതി ആയോഗ് മറുപടി നൽകിയിട്ടില്ല.