റബ്ബറിന് താങ്ങ് വില; അവകാശവാദവുമായി ജോസ് കെ മാണിയും മാണി സി കാപ്പനും

By Web TeamFirst Published Jan 15, 2021, 1:56 PM IST
Highlights

നിലവിലുള്ളതിൽ നിന്ന് കിലോക്ക് 20 രൂപയാണ് റബ്ബറിന്‍റെ താങ്ങുവില കൂടിയത്. ബജറ്റ് പ്രഖ്യാപനം വന്നതോടെ കര്‍ഷകരുടെ ആവശ്യം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിൽ അവകാശവാദവുമായി കേരളാ കോൺഗ്രസ് എമ്മും എൻസിപിയും വാര്‍ത്താ കുറിപ്പിറക്കി 

കോട്ടയം/ തിരുവനന്തപുരം: താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന റബ്ബര്‍ കര്ഷകരുടെ ആവശ്യത്തിന് ബജറ്റിൽ പരിഗണനയുമായി ധനമന്ത്രി തോമസ് ഐസക്. 150 രൂപയായിരുന്ന താങ്ങുവില 170 രൂപയായാണ് കൂട്ടിയത്. ബജറ്റ് പ്രഖ്യാപനം വന്നതോടെ കര്‍ഷകരുടെ ആവശ്യം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിൽ അവകാശവാദവുമായി കേരളാ കോൺഗ്രസ് എമ്മും എൻസിപിയും വാര്‍ത്താ കുറിപ്പിറക്കി 

ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ റബ്ബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചു. ദുരിതത്തിലായ റബ്ബർ കർഷകർക്ക് ഇത് ഏറെ ആശ്വാസകരമാണ്. റബ്ബറിന് 200 രൂപ താങ്ങില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകിയിരുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച ഇരുവരോടും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു എന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പ്രതികരിച്ചു. 

കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ കെഎം മാണി ആവിഷ്‌ക്കരിച്ചതാണ് റബ്ബർ വിലസ്ഥിരതാ പദ്ധതിയെന്ന് ഓര്‍മ്മിപ്പിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ പ്രതികരണം.  150 രൂപയിൽ നിന്നും വർധിപ്പിക്കണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയർത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ചാണ് വാര്‍ത്താ കുറിപ്പ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഒരു കൈത്താങ്ങായി നിലനിൽക്കാൻ ഈ സർക്കാരിന് സാധിക്കുന്നു. പാർട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും  സംഭരണവില വർധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂർണ്ണം പരിഗണിച്ച  സർക്കാരിനെ അഭിനന്ദിക്കുന്നു എന്നും കേരളാ കോൺഗ്രസ് പ്രതികരിച്ചു. 

click me!