
ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു. 79.64 ൽ നിന്നും 79.77 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാൽ വൈകുന്നേരം വീണ്ടും ഇടിഞ്ഞ് 79.90 ലേക്കെത്തി.
ഓഹരി വിപണിയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 98 പോയിന്റ് താഴ്ന്ന് 53,416.15 ലും നിഫ്റ്റി 28.00 പോയിന്റ് ഇടിഞ്ഞ് 15,938.65 ലും വ്യാപാരം അവസാനിപ്പിച്ചു.
ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന.
ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ഈ വർഷം ജൂണിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 16.8% വർധിച്ച് 37.9 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51.02% ഉയർന്ന് 63.58 ഡോളറിലെത്തിയിട്ടുണ്ട്.