റെക്കോർഡ് ഇടിവിൽ രൂപ, കുതിച്ചുകയറി ഡോളർ; ട്രംപിൻ്റെ താരിഫ് നയം തകർത്തത് ഏഷ്യൻ കറൻസികളെ

Published : Feb 03, 2025, 11:57 AM IST
റെക്കോർഡ് ഇടിവിൽ രൂപ, കുതിച്ചുകയറി ഡോളർ; ട്രംപിൻ്റെ താരിഫ് നയം തകർത്തത് ഏഷ്യൻ കറൻസികളെ

Synopsis

ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിൻ്റെ  കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്.

ദില്ലി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14  വരെയെത്തി. അമേരിക്കൻ  പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിൻ്റെ  കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തിൽ ആദ്യമായി  ഇന്ത്യൻ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ആദ്യ വ്യാപാരത്തിൽ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന താഴ്ന്ന നിലയിലെത്തി. 

മെക്സിക്കോ, കാനഡ, ചൈന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കാണ് ട്രംപ് കൂടുതൽ നികുതി ചുമത്തിയിരിക്കുന്നത്. മെക്സിക്കോ, കാനഡ രാജ്യങ്ങൾക്ക് 5% തീരുവയും ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് 10% തീരുവയും ട്രംപ് ഏർപ്പെടുത്തി. ഇതോടെ ഡോളർ സൂചിക 0.3% ഉയർന്ന് 109.8 എന്ന നിലയിലായി, അതേസമയം ഏഷ്യൻ കറൻസികൾ ദുർബലമായി, ചൈനീസ് യുവാൻ 0.5% ഇടിഞ്ഞ് യു.എസ്. ഡോളറിനെതിരെ 7.35 എന്ന നിലയിലെത്തി.

ശനിയാഴ്ച ട്രംപ് തീരുവ ചുമത്തിയെങ്കിലും കാനഡയുടെ മറുപടി ഉടനെത്തന്നെ വന്നു. യുഎസ് ഇറക്കുമതിക്ക്  മേൽ കാനഡ 25 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡ വ്യക്തമാക്കി. തീരുവ തിരിച്ചും ചുമത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം കൂടി വ്യക്തമാക്കിയതോടെ ഇത് വ്യാപാര യുദ്ധത്തിന്റെ ആശങ്കകൾക്ക് ആക്കം കൂട്ടുകയും ചെയ്തു. 
 
ഇന്ത്യയുടെ കാര്യമെടുക്കുമ്പോൾ, ട്രംപിൻ്റെ താരിഫുകൾ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുമെന്നതിനാൽ വിദേശ നിക്ഷേപകർ പിൻവലിഞ്ഞെക്കാം. ഇത് രൂപയെ കൂടുതൽ ദുർബലമാക്കിയേക്കും. 

 

PREV
Read more Articles on
click me!

Recommended Stories

228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ
ക്രെഡിറ്റ് കാർഡ് പരാതികൾ അര ലക്ഷം കടന്നു; ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞു