രൂപയ്ക്ക് രക്ഷയില്ല, ഡോളറിനെതിരെ റെക്കോർഡ് ഇടിവ്; യുഎസ്-ചൈന വ്യാപാര സംഘർഷം മുറുകുന്നു

Published : Feb 05, 2025, 05:11 PM ISTUpdated : Feb 05, 2025, 05:17 PM IST
രൂപയ്ക്ക് രക്ഷയില്ല, ഡോളറിനെതിരെ റെക്കോർഡ് ഇടിവ്; യുഎസ്-ചൈന വ്യാപാര സംഘർഷം മുറുകുന്നു

Synopsis

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ തർക്കം രൂക്ഷമാകുമ്പോൾ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്.

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾക്കിടയിൽ വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ രൂപയെ കൂടുതൽ ദുർബലമാക്കി. ഇന്ന് വിപണി അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 87.46 എന്ന റെക്കോർഡ് നിരക്കിലാണ്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ തർക്കം രൂക്ഷമാകുമ്പോൾ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. വ്യാപാരയുദ്ധ സാധ്യത നിലനിൽക്കുമ്പോൾ ഡോളർ വാങ്ങിക്കൂട്ടുന്ന പ്രവണത രൂപയെ വീണ്ടും തളർത്തുന്നു. 

ആഗോള പിരിമുറുക്കങ്ങൾക്കിടയിൽ വിദേശ നിക്ഷേപകർ കറൻസി വിറ്റഴിക്കാൻ തുടങ്ങിയതോടെ രൂപ തകർന്നു. ഡോളർ ഇടിഞ്ഞിട്ടും ഏഷ്യൻ കറൻസികളുടെ മൂല്യവർദ്ധന ഉണ്ടായിട്ടും രൂപ താഴാനുള്ള പ്രധാന കാരണം ഇറക്കുമതിക്കാരും എണ്ണക്കമ്പനികളും എഫ്പിഐകളും ഡോളർ വാങ്ങുന്നത് തുടരുന്നതാണ്. 

ഫെബ്രുവരി 1 നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം താരിഫ് ചുമത്തിയത്. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ന്യായീകരണമായി ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതിയും ചുമത്തിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 3-ഓടെ അദ്ദേഹം തൻ്റെ നിലപാട് മാറ്റുകയും നികുതി ഏർപ്പെടുത്താൻ ഒരുമാസത്തെ ഇടവേള എടുക്കുകയും ചെയ്തു. എന്നാൽ ചൈനയ്ക്ക് എതിരെ നികുതി ചുമത്തുന്നതിൽ നിന്നും അമേരിക്ക പിൻവാങ്ങിയില്ല. 

ഇതോടെ അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിന്‍റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചൈന നിരവധി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനും തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, എല്‍ എന്‍ ജി എന്നിവയ്ക്ക് 15% തീരുവയും, അസംസ്കൃത എണ്ണ, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയും ചൈന ഏര്‍പ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം