ദിവസക്കൂലിയിൽ പിന്നിൽ മധ്യപ്രദേശും ഗുജറാത്തും, കേരളത്തിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്കിനുള്ള കാരണം വ്യക്തം

Published : Nov 21, 2023, 12:38 PM IST
ദിവസക്കൂലിയിൽ പിന്നിൽ മധ്യപ്രദേശും ഗുജറാത്തും, കേരളത്തിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്കിനുള്ള കാരണം വ്യക്തം

Synopsis

മധ്യപ്രദേശിൽ മാസത്തിലെ 25 ദിവസം ജോലി ചെയ്യുന്ന പുരുഷന് ഒരു മാസം കിട്ടുന്നത് 5730 രൂപയാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഒരു തരത്തിലും പൂർത്തിയാക്കാന്‍ ഈ തുക കൊണ്ട് സാധിക്കില്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്

ദില്ലി: ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളമെന്ന് റിസർവ്വ് ബാങ്ക് കണക്കുകള്‍. മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി 229.2 രൂപയാണ്. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. ദേശീയ ശരാശരി 345.7 രൂപ ആയിരിക്കെയാണ് ഇതിലും കുറവ് ദിവസക്കൂലി ഈ സംസ്ഥാനങ്ങളില്‍ എന്നതാണ് കണക്ക് വിശദമാക്കുന്നത്. മധ്യപ്രദേശിൽ മാസത്തിലെ 25 ദിവസം ജോലി ചെയ്യുന്ന പുരുഷന് ഒരു മാസം കിട്ടുന്നത് 5730 രൂപയാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഒരു തരത്തിലും പൂർത്തിയാക്കാന്‍ ഈ തുക കൊണ്ട് സാധിക്കില്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.

അതേസമയം കേരളത്തില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പുരുഷന് മാസത്തിലെ 25 ദിവസം ജോലി ചെയ്താൽ കിട്ടുന്നത് 19107 രൂപയാണ്. ഗുജറാത്തില്‍ മാസത്തിലെ 25 ദിവസം ജോലി ചെയ്താൽ കിട്ടുന്നത് 6047 രൂപയാണ്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ സെപ്തംബർ മാസത്തിൽ സസ്യഭക്ഷണം അടങ്ങിയ ഒരു പ്ലേറ്റ് ഭക്ഷണത്തിന് 27.9 രൂപയാണ് ചെലവാകുന്നത്. സസ്യേതര ഭക്ഷണത്തിന് 61.4 രൂപയാണ് ശരാശരി ചെലവാകുന്നത്. ഈ കണക്കുകള്‍ അനുസരിച്ച് സസ്യ ഭക്ഷണം മാത്രം കഴിച്ചാൽ പോലും അഞ്ച് പേരുള്ള ഒരു കുടുംബത്തിന് ഭക്ഷണത്തിന് മാത്രം 8400 രൂപ ചെലവ് വരുന്നുണ്ട്. ഈ അവസ്ഥയിലാണ് മധ്യപ്രദേശിൽ ഒരുമാസത്തെ ദിവസക്കൂലി 5730 രൂപയാവുന്നത്. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും തൊഴിലുകളേയും വരുമാനത്തേയും കൊവിഡ് മഹാമാരി സാരമായി ബാധിച്ചിട്ടുണ്ട്. ദിവസക്കൂലി ഏറ്റവും പിന്നിലായ സംസ്ഥാനങ്ങളില്‍ ഉത്തർ പ്രദേശുമുണ്ട്. 309.3 രൂപയാണ് ഉത്തർ പ്രദേശിലെ ദിവസക്കൂലി. ഒഡിഷയിൽ ഇത് 285.1 രൂപയാണ്. മഹാരാഷ്ട്രയിൽ 303.5 രൂപയാണ് ദിവസക്കൂലി. ഇതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ദിവസക്കൂലി ജോലികൾക്കായി തൊഴിലാളികള്‍ കേരളത്തിലേക്ക് പോവുന്നതെന്നും കണക്കുകള്‍ വിശദമാക്കുന്നു.

25 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ജമ്മു കശ്മീരിൽ ദിവസക്കൂലി 550.4 രൂപയും ഹിമാചൽ പ്രദേശില്‍ 473.3, തമിഴ്നാട്ടിൽ 470രൂപയുമാണ്. കാർഷികേതര മേഖലയിലെ ദിവസക്കൂലിയിലും മധ്യപ്രദേശ് പിന്നിലാണ്. 246.3 രൂപയാണ് മധ്യപ്രദേശില്‍ കാർഷികേതര മേഖലയിലെ ദിവസക്കൂലി, ഗുജറാത്തിൽ ഇത് 273.1ഉം ത്രിപുരയിൽ 280.6 രൂപയുമാണ്. കേരളത്തിൽ കാർഷികേതര മേഖലയിലെ ദിവസക്കൂലി 696.6 രൂപയാണ്, ജമ്മു കശ്മീരാണ് തൊട്ട് പിന്നാലെയുള്ളത് 517.9 രൂപ, തമിഴ്നാട് 481.5 രൂപ, ഹരിയാന 451 രൂപ. നിർമ്മാണ മേഖലയിൽ പുരുഷന് കേരളത്തിൽ 852.5 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ മധ്യ പ്രദേശിൽ 278.7 രൂപയും ഗുജറത്തില്‍ 323.3 രൂപയും ത്രിപുരയിൽ 286.1രൂപയുമാണ്. ദേശീയ ശരാശരി 393.3 രൂപ എന്നിരിക്കെയാണ് ഈ കണക്കുകളുടെ പ്രസക്തി കൂടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും
ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് കുറച്ച് എസ്ബിഐ; ആർക്കൊക്കെ നഷ്ടം വരും?