ലോകകപ്പിലെ റൺവേട്ടക്കാരൻ മാത്രമല്ല; കോടികളുടെ ആസ്തിയുമായി സഞ്ജു സാംസൺ! സമ്പന്നരിൽ എട്ടാമൻ

Published : Mar 09, 2026, 01:06 PM IST
Sanju Samson

Synopsis

ടി20 ലോകകപ്പിലെ മാൻ ഓഫ് ദി സിരീസ് ആയ സഞ്ജു സാംസൺ, കളിക്കളത്തിലെ മികവിനൊപ്പം സാമ്പത്തികമായും മുൻപന്തിയിലാണ്. ഐപിഎൽ, ബിസിസിഐ കരാറുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ 2026-ൽ അദ്ദേഹത്തിന്റെ ആസ്തി 100 കോടി രൂപ വരെയാകുമെന്നാണ് കണക്കുകൾ. 

ഇന്നലെ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് സഞ്ജു താരമായത്. എന്നാൽ, ക്രിക്കറ്റ് താരമെന്ന മികവിൽ മാത്രമല്ല, സാമ്പത്തികമായും മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജു സാംസൺ എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ വർഷത്തെ ടി20 ലോകകപ്പ് കളിച്ച സമ്പന്നരായ കളിക്കാരിൽ എട്ടാം സ്ഥാനത്താണ് സഞ്ജുവിന്റെ സ്ഥാനം.

2026 ലെ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമുമായി സഞ്ജു 18 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ബിസിസിഐ സെൻട്രൽ കോൺട്രാക്ട് സംവിധാനത്തിൽ പ്രതിവർഷം 1 കോടി രൂപ സമ്പാദിക്കുന്ന സഞ്ജു ഗ്രേഡ് C വിഭാഗത്തിലാണ്. ഇതിന് പുറമേ ടി20യിൽ ഇന്ത്യക്കായി കളിച്ച ഓരോ മത്സരയിനത്തിനും ഏകദേശം 3 ലക്ഷം രൂപയും, ഓരോ ഏകദിന മത്സരത്തിനും 6 ലക്ഷം രൂപയും മാച്ച് ഫീസായി ലഭിക്കുന്നുവെന്നാണ് കണക്കുകൾ. 2012 മുതൽ 2026 വരെ 15 സീസണുകൾ നീണ്ട ഐപിഎൽ കരിയറിൽ, രാജസ്ഥാൻ, ഡൽഹി ടീമുകൾക്കായി സഞ്ജു കളിക്കാനിറങ്ങിയിട്ടുണ്ട്. ഈ മത്സരങ്ങളിലാകെ ശമ്പളമായി മാത്രം 100 കോടി രൂപയ്ക്കും മേൽ സഞ്ജു സമ്പാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎൽ കരാറുകൾ, ബിസിസിഐ നൽകുന്ന പ്രതിഫലം, പരസ്യങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ 2026 ലെ സഞ്ജു സാംസന്റെ ആകെ ആസ്തി ഏകദേശം 85 കോടി മുതൽ 100 കോടി രൂപ വരെയാണെന്ന് വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 25 കോടി മുതൽ 28 കോടി രൂപ വരെ ഉണ്ടാകുമെന്നാണ് കണക്കുകൾ. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ ഇതിൽ വലിയ പങ്ക് വഹിക്കുന്നു. സ്വന്തം സ്ഥലമായ തിരുവനന്തപുരത്തെ ആഡംബര വീട്ടിലാണ് സഞ്ജു താമസിക്കുന്നത്. കൂടാതെ റേഞ്ച് റോവർ, ലെക്സസ് ഇഎസ്, ഓഡി എ6, മെഴ്സിഡസ് ബെൻസ് സി ക്ലാസ്, ബിഎംഡബ്ലിയൂ 5 സിരീസ് തുടങ്ങിയവയും സഞ്ജുവിന്റെ ആഡംബര കാർ ശേഖരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
രാജ്യത്ത് പുതിയ സംരംഭങ്ങളുടെ പൂക്കാലം, ഇനി ആരും 'അയ്യേ' പറയില്ല; പ്രതിമാസം തുടങ്ങുന്നത് 300 എഐ കമ്പനികള്‍