വാടക വരുമാനത്തിനും സമ്പത്ത് വർധിപ്പിക്കുന്നതിനുമായി വിദേശ രാജ്യങ്ങളിൽ വസ്തുക്കൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, വിദേശത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി ഇന്ത്യക്കാർ അയക്കുന്ന തുകയിൽ 64 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുണ്ടായത്.
വാടക വരുമാനത്തിനും സമ്പത്ത് വർധിപ്പിക്കുന്നതിനുമായി വിദേശരാജ്യങ്ങളിൽ വസ്തുക്കൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആർഇഎക്സും (IREX) ചേർന്ന് നടത്തിയ സർവേ പ്രകാരം, വിദേശത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനായി ഇന്ത്യയിൽ നിന്ന് അയക്കുന്ന തുകയിൽ 64 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. 'കീസ് ബിയോണ്ട് ബോർഡേഴ്സ്' (Keys Beyond Borders) എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
528.7 മില്യൺ ഡോളറിന്റെ നിക്ഷേപം
റിപ്പോർട്ട് അനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ വിദേശത്ത് റിയൽ എസ്റ്റേറ്റ് വാങ്ങുന്നതിനായി ഇന്ത്യക്കാർ 528.7 മില്യൺ ഡോളർ (ഏകദേശം 4,400 കോടിയിലധികം രൂപ) അയച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 322.82 മില്യൺ ഡോളറായിരുന്നു. റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) വഴിയുള്ള മൊത്തം പണമടയ്ക്കലിൽ 2 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും, വിദേശത്ത് റിയൽ എസ്റ്റേറ്റിനായുള്ള നിക്ഷേപത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്.
2.08 കോടി മുതൽ 8.3 കോടി രൂപ വരെ നിക്ഷേപിക്കാൻ താല്പര്യം
സർവേയിൽ പങ്കെടുത്ത 85 ശതമാനം പേരും 2,500,000 ഡോളർ മുതൽ 10,00,000 ഡോളർ വരെ (ഏകദേശം 2.08 കോടി രൂപ മുതൽ 8.33 കോടി രൂപ വരെ) നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്. നിക്ഷേപകരിൽ 69 ശതമാനം പേരും അപ്പാർട്ട്മെന്റുകളും കോണ്ടോമിനിയങ്ങളും വാങ്ങാനാണ് താല്പര്യപ്പെടുന്നത്. 26 ശതമാനം പേർ വില്ലകൾക്കും ടൗൺഹൗസുകൾക്കും മുൻഗണന നൽകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 1,500 മുതൽ 2,500 ചതുരശ്ര അടി വരെയുള്ള വീടുകളാണ് ഭൂരിഭാഗം പേരും (76%) തെരഞ്ഞെടുക്കുന്നത്.
ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട രാജ്യങ്ങൾ
യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ഗ്രീസ്, തായ്ലൻഡ്, പോർച്ചുഗൽ, ഓസ്ട്രേലിയ, അമേരിക്ക, യുകെ, ഇന്തോനേഷ്യയിലെ ബാലി, കാനഡ, മലേഷ്യ എന്നിവയാണ് ഇന്ത്യൻ നിക്ഷേപകരുടെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. വാടക വരുമാനത്തിനും ഭാവിയിൽ ഉയർന്ന വില ലഭിക്കുന്നതിനും പുറമെ വിദേശ രാജ്യങ്ങളിലെ ഗോൾഡൻ വിസ, പൗരത്വ സൗകര്യങ്ങൾ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, മികച്ച ജീവിതശൈലി എന്നിവയും ഇവിടങ്ങളിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കുന്നു.
വ്യാപാരികളും കോർപ്പറേറ്റ് ഉദ്യോഗസ്ഥരും മുൻപന്തിയിൽ
വിദേശത്ത് വസ്തുവകകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ 53 ശതമാനവും വ്യവസായികളും വ്യാപാരികളുമാണ്. എന്നാൽ കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെയും പ്രൊഫഷണലുകളുടെയും പങ്കാളിത്തത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. പത്ത് വർഷം മുൻപ് 7 ശതമായിരുന്ന ഇവരുടെ പങ്കാളിത്തം ഇപ്പോൾ 30 ശതമാനമായി ഉയർന്നു. നിക്ഷേപകരിൽ 76 ശതമാനം പേരും 35-നും 50-നും ഇടയിൽ പ്രായമുള്ളവരാണ്. ഇന്ത്യക്കാരുടെ മൊത്തം സമ്പത്തിന്റെ 13 ശതമാനത്തോളം ഇപ്പോൾ വിദേശത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലാണ്. ഒരു പതിറ്റാണ്ട് മുൻപ് ഇത് വെറും 5 ശതമാനം മാത്രമായിരുന്നു.
ശ്രദ്ധിക്കേണ്ട നിയമങ്ങൾ
വിദേശത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്ന ഇന്ത്യക്കാർ റിസർവ് ബാങ്കിന്റെ എൽആർഎസ് (LRS) ചട്ടങ്ങൾ, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA), ഇന്ത്യയിലെയും നിക്ഷേപം നടത്തുന്ന രാജ്യത്തെയും നികുതി നിയമങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്.









