Latest Videos

വായ്പ നിരക്ക് ഉയർത്തി എസ്ബിഐ; ഭവനവായ്പ നിരക്കുകളിലെ ഇളവ് ഈ മാസം അവസാനിക്കും

By Web TeamFirst Published Jan 16, 2023, 12:40 PM IST
Highlights

എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർ ശ്രദ്ധിക്കുക, ബാങ്ക് വായ്പ നിരക്ക് ഉയർത്തി. ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ ഇഎംഐ ഉയരും. മാത്രമല്ല, ഭവനവായ്പ നിരക്കുകളിലെ ഇളവുകൾ ജനുവരി 31ന് അവസാനിക്കും
 

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ ഉൾപ്പടെയുള്ള വായ്പകളുടെ ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎൽആർ) ഉയർത്തി. മാർജിനൽ കോസ്റ്റ് 10 ബേസിസ് പോയിന്റുകളാണ് വർദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ ജനുവരി 15 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ എസ്ബിഐയുടെ ഭാവന വായ്പകളുടെ ഇഎംഐകളിൽ വർദ്ധനവ് ഉണ്ടായേക്കും. 

എസ്‌ബി‌ഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ജനുവരി 15 മുതൽ, 1 വർഷത്തെ കാലയളവിലെ എം‌സി‌എൽ‌ആർ മുമ്പത്തെ 8.30 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി ഉയർത്തി. മറ്റ് കാലാവധികളിലെ എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. രണ്ട് വർഷം മൂന്ന് വർഷം കാലയളവിലെ എം‌സി‌എൽ‌ആർ യഥാക്രമം 8.50 ശതമാനം, 8.60 ശതമാനം എന്നിങ്ങനെ തുടരും. അതേസമയം, ഒരു മാസത്തേയും മൂന്ന് മാസത്തേയും കാലാവധിയിൽ എം‌സി‌എൽ‌ആർ 8 ശതമാനം എന്നതിൽ മാറ്റമില്ല. ഓവർനൈറ്റ് എംസിഎൽആർ 7.85 ശതമാനത്തിലും മാറ്റമില്ല.

അതേസമയം, 2023 ജനുവരി 31-ന് എസ്ബിഐയുടെ ഉത്സവകാല ഓഫർ അവസാനിക്കും. ഈ കാമ്പെയ്‌നിന് കീഴിൽ എസ്ബിഐ നിലവിൽ ഭവന വായ്പകളിൽ ഒരു നിശ്ചിത ഇളവ് നൽകിയിരുന്നു. ഈ ഉത്സവകാല ഓഫറിൽ, വിവിധ ഭവന വായ്പ വിഭാഗങ്ങളിൽ ബാങ്ക് നിലവിൽ 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവ് വാഗ്ദാനം ചെയ്യുന്നു. എസ്ബിഐയുടെ ഭവനവായ്പ നിരക്കുകൾ വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കൂടുന്തോറും ഭവന വായ്പകളുടെ പലിശ നിരക്ക് കുറയും.

ക്രെഡിറ്റ് സ്കോർ  800 അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള വായ്പക്കാർക്ക് ഭവനവായ്പയിൽ 15 ബേസിസ് പോയിന്റ് ഇളവ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. 750 മുതൽ 799 വരെയുള്ള ക്രെഡിറ്റ് സ്കോറുകളിൽ, ഭവന വായ്പകൾക്ക് അവയുടെ സാധാരണ നിരക്കായ 9% ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 8.75 ശതമാനം ആക്കിയിട്ടുണ്ട്. 700-ൽ താഴെയുള്ള ക്രെഡിറ്റ് സ്‌കോറുകളുടെ ഭവനവായ്പ നിരക്കിൽ മാറ്റമില്ല.
 

click me!