സെക്ടറല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്ത്? നിക്ഷേപ തന്ത്രവും അപകടസാധ്യതകളും അറിയേണ്ടതെല്ലാം!

Published : Nov 26, 2025, 10:35 PM IST
mutual fund

Synopsis

മിക്ക സെക്ടറല്‍ ഫണ്ടുകളും ആക്റ്റീവ് മ്യൂച്വല്‍ ഫണ്ടുകളാണ്. അതായത്, ഫണ്ട് മാനേജര്‍മാര്‍ക്ക് ഏത് ഫണ്ടുകള്‍ തിരഞ്ഞെടുക്കണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഉണ്ട്

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍, എത്ര പണം നിക്ഷേപിക്കണം, ഏത് അസറ്റ് മാനേജ്മെന്റ് കമ്പനി തിരഞ്ഞെടുക്കണം, ഏത് മേഖല തിരഞ്ഞെടുക്കണം എന്നിങ്ങനെ പല തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ഈ തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സെക്ടറല്‍ അല്ലെങ്കില്‍ തീമാറ്റിക് ഫണ്ടുകള്‍.

എന്താണ് സെക്ടറല്‍, തീമാറ്റിക് ഫണ്ടുകള്‍?

സെക്ടറല്‍ മ്യൂച്വല്‍ ഫണ്ടുകള്‍: ഒരൊറ്റ മേഖലയില്‍ പെട്ട കമ്പനികളില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ഉദാഹരണത്തിന്, അടിസ്ഥാന സൗകര്യ വികസനം , സാങ്കേതികവിദ്യ , ബാങ്കിംഗ്, അല്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ മാത്രമായി നിക്ഷേപം നടത്തുന്നു. ഒരു മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇവയ്ക്ക് വൈവിധ്യം കുറവാണ്, അതിനാല്‍ നഷ്ടസാധ്യത കൂടുതലാണ്.

തീമാറ്റിക് ഫണ്ടുകള്‍: ഇവ കുറച്ചുകൂടി വിശാലമായ സമീപനം സ്വീകരിക്കുന്നവയാണ്. അടിസ്ഥാന സൗകര്യങ്ങള്‍, സേവന വ്യവസായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ , അല്ലെങ്കില്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പോലുള്ള ഒരു പ്രത്യേക മേഖല അടിസ്ഥാനമാക്കി ഓഹരികള്‍ തിരഞ്ഞെടുക്കുന്നു. സെക്ടറല്‍ ഫണ്ടുകളെ അപേക്ഷിച്ച് ഇവയുടെ നിിക്ഷേപം കൂടുതല്‍ വൈവിധ്യമാര്‍ന്ന മേഖലകളിലായതിനാല്‍ നഷ്ടസാധ്യത ഒരല്പം കുറവായിരിക്കും.

ഈ ഫണ്ടുകളിലെ നിക്ഷേപത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?

വളര്‍ച്ചാ സാധ്യത: മിക്ക സെക്ടറല്‍ ഫണ്ടുകളും ആക്റ്റീവ് മ്യൂച്വല്‍ ഫണ്ടുകളാണ്. അതായത്, ഫണ്ട് മാനേജര്‍മാര്‍ക്ക് ഏത് ഫണ്ടുകള്‍ തിരഞ്ഞെടുക്കണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഉണ്ട്. ഉയര്‍ന്ന നഷ്ട സാധ്യത എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്കാണ് ഇത് അനുയോജ്യം

ട്രെന്‍ഡിനൊപ്പം: നിലവിലുള്ള ഒരു ട്രെന്‍ഡ് പരമാവധി പ്രയോജനപ്പെടുത്താന്‍ ചിലപ്പോള്‍ നിക്ഷേപകര്‍ ആഗ്രഹിക്കും. ഉദാഹരണത്തിന്, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമയത്ത് ആ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

ഒരു മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു: ഉദാഹരണത്തിന് പരിസ്ഥിതി സുസ്ഥിരതയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ഇത് തന്റെ പോര്‍ട്ട്ഫോളിയോയുടെ ഒരു പ്രധാന ഭാഗമാക്കാന്‍ താല്‍പ്പര്യമുണ്ടാകാം.ഇങ്ങനെയുള്ളവര്‍ക്ക് സ്ഥിരമായി നിക്ഷേപം തുടരാന്‍ സെക്ടറല്‍/തീമാറ്റിക് ഫണ്ടുകള്‍ സഹായിക്കുന്നു.

പോര്‍ട്ട്ഫോളിയോയിലെ വൈവിധ്യം: മറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് മിക്ക ഫണ്ട് ഹൗസുകളിലും സമാനമായ വരുമാനം ലഭിക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു നിഫ്റ്റി 100 ഫണ്ട് തിരഞ്ഞെടുക്കുകയാണെങ്കില്‍, മിക്ക ഫണ്ടുകളിലും പ്രവചിക്കാന്‍ കഴിയുന്ന വരുമാനമായിരിക്കും ലഭിക്കുക. എന്നാല്‍, സെക്ടറല്‍ അല്ലെങ്കില്‍ തീമാറ്റിക് ഫണ്ടുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍, മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച എന്നിവയെ ആശ്രയിച്ച് കുതിച്ചുയരുകയോ താഴുകയോ ചെയ്യാം.

നിക്ഷേപിക്കുന്നതിലെ ദോഷങ്ങള്‍ എന്തൊക്കെയാണ്?

കൂടിയ നഷ്ടസാധ്യത : ഈ ഫണ്ടുകള്‍ ഒരൊറ്റ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഏറെ നഷ്ടസാധ്യതയുള്ളതാണ്. അതിനാല്‍, ആ പ്രത്യേക മേഖലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍, മുഴുവന്‍ പോര്‍ട്ട്ഫോളിയോയും തകര്‍ച്ച നേരിടും.

പരിമിതമായ സാധ്യതകള്‍: ചില മേഖലകള്‍ ചുരുക്കം ചില ഓഹരികളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ഒരു മേഖലയില്‍ നിക്ഷേപിച്ചു എന്ന് കരുതുമ്പോഴും, അത് ഏതാനും ചില ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്നതിന് തുല്യമാവാം

നിക്ഷേപങ്ങളിലെ ആവര്‍ത്തനം : സ്ഥിരമായി നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതിനകം തന്നെ മറ്റ് ഫണ്ടുകളിലൂടെ ചില ഓഹരികള്‍ കൈവശം ഉണ്ടാകാം. ഉദാഹരണത്തിന്, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപമുണ്ടെങ്കില്‍, ഇതിനകം തന്നെ എച്ച്.ഡി.എഫ്.സി. ബാങ്ക് അല്ലെങ്കില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് പോലുള്ള മുന്‍നിര ബാങ്കുകളുടെ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണര്‍ത്ഥം. അപ്പോള്‍, ഒരു ബാങ്കിംഗ് സെക്ടറല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ഈ ഓഹരികളിലെ നിക്ഷേപം വീണ്ടും വര്‍ദ്ധിപ്പിക്കും. അതിനാല്‍, വിവിധതരം ഫണ്ട് വിഭാഗങ്ങള്‍ക്കിടയില്‍, സെക്ടറല്‍/തീമാറ്റിക് ഫണ്ടുകള്‍ ഉള്‍പ്പെടെ, ഒരു പരിധി വരെ അധിക നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നിയമപരമായ മുന്നറിയിപ്പ് : ഈ ലേഖനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശമോ ശുപാര്‍ശയോ അല്ല

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം