
'ദി വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' അമേരിക്കയെ സംബന്ധിച്ചിടത്തോളം മനോഹരമായ നിയമം എന്ന് വിശേഷിപ്പിക്കാമെങ്കിലും യുഎസിലെ പ്രവാസികള്‍ക്ക് ഒട്ടും മനോഹരമല്ലാത്ത ഒരു നിയമത്തിന്‍റെ അനൗദ്യോഗികമായ പേരാണിത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെയും പ്രവാസി ഇന്ത്യക്കാരെയും ആശങ്കയിലാഴ്ത്തുന്ന ഒരു നിയമ നിര്‍ദ്ദേശം അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. യുഎസ് പൗരന്മാരല്ലാത്തവര്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കും 5% നികുതി ചുമത്താന്‍ നിര്‍ദ്ദേശിക്കുന്നതാണ് ഈ നിയമം. നാട്ടിലേക്ക് പണമയക്കുന്നത് കൂടുതല്‍ ചെലവേറിയതാക്കുന്നതാണ് ഈ നീക്കം. ഈ ബില്‍ പാസാക്കിയാല്‍, എച്ച്-1ബി, എഫ്-1 തുടങ്ങിയ നോണ്‍-ഇമിഗ്രന്‍റ് വിസകളില്‍ ഉള്ളവര്‍, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ നികുതി ബാധകമാകും. വെസ്റ്റേണ്‍ യൂണിയന്‍, പേപാല്‍ അല്ലെങ്കില്‍ സാധാരണ ബാങ്കുകള്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ വഴി നടത്തുന്ന പണമിടപാടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് തന്നെ നികുതി ഈടാക്കും. ഈ നിര്‍ദ്ദേശം ഇതുവരെ കോണ്‍ഗ്രസ് പാസാക്കിയിട്ടില്ലെങ്കിലും, അംഗീകാരം ലഭിക്കുകയാണെങ്കില്‍ 2025 ജൂലൈ മാസത്തോടെ ഇത് പ്രാബല്യത്തില്‍ വന്നേക്കാം.
രേഖകളില്ലാത്ത കുടിയേറ്റം തടയുന്നതിനും വിദേശത്തേക്ക് പോകുന്ന പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമുള്ള കടുത്ത റിപ്പബ്ലിക്കന്‍മാരുടെ ദീര്‍ഘകാല രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2016ല്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് ധനസമാഹരണം ലക്ഷ്യമിട്ട് ട്രംപ് ആദ്യമായി ഈ ആശയം മുന്നോട്ടുവെച്ചതാണ്. എന്നാല്‍ ഇപ്പോള്‍ എച്ച്-1ബി, എഫ്-1 വിസ ഉടമകള്‍, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയ നിയമപരമായ താമസക്കാരെപ്പോലും ലക്ഷ്യമിട്ട് ഇതിന് കൂടുതല്‍ വിപുലീകരിക്കുകയാണ്.
റിസര്‍വ് ബാങ്ക് കണക്കനുസരിച്ച്, 2023ല്‍ പ്രവാസികള്‍ 10 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലേക്കയച്ചത്. ഇതില്‍ ഏകദേശം 2.72 ലക്ഷം കോടി രൂപ യുഎസ്സില്‍ നിന്നാണ്. ഇത്തരത്തിലുള്ള കൈമാറ്റങ്ങള്‍ക്ക് 5% നികുതി ചുമത്തിയാല്‍ ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 14000 കോടി രൂപയുടെ നഷ്ടം വരും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഏകദേശം 4.5 ദശലക്ഷം പ്രവാസി ഇന്ത്യക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇന്ത്യയിലെ കുടുംബാംഗങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന്, പ്രത്യേകിച്ച് വിദ്യാഭ്യാസം, ചികിത്സ, ദൈനംദിന ഗാര്‍ഹിക ചെലവുകള്‍ എന്നിവയ്ക്കായാണ് പ്രവാസികള്‍ പണം അയയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി നിക്ഷേപങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന ധനസ്രോതസ്സുകൂടിയാണിത്.
നിയമം നടപ്പാക്കിയാല്‍ എന്ത് സംഭവിക്കും?
നികുതി നിരക്ക്: യുഎസ് പൗരന്മാരല്ലാത്തവര്‍ അയക്കുന്ന എല്ലാ അന്താരാഷ്ട്ര റെമിറ്റന്‍സുകള്‍ക്കും 5% ലെവി.
ബാധകമാകുന്ന വ്യക്തികള്‍: നോണ്‍-ഇമിഗ്രന്‍റ് വിസ ഉടമകള്‍ (ഉദാഹരണത്തിന്, എച്ച്-1ബി, എഫ്-1), ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍.
പിരിവ് സംവിധാനം: വെസ്റ്റേണ്‍ യൂണിയന്‍, പേപാല്‍ അല്ലെങ്കില്‍ ബാങ്കുകള്‍ പോലുള്ള സേവനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് നികുതി സ്വയമേവ കുറയ്ക്കും.നടപ്പാക്കുന്നത് എന്ന്?: നിയമം പാസാക്കിയാല്‍, 2025 ജൂലൈ മാസത്തോടെ നികുതി പ്രാബല്യത്തില്‍ വന്നേക്കാം.
പ്രവാസികള്‍ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?
നികുതി കാരണം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 14,000 കോടി രൂപയുടെ നഷ്ടം വരും.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രായമായവരുടെ പരിചരണം എന്നിവയ്ക്കായി അയയ്ക്കുന്ന പണത്തെ ബാധിക്കും
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി എന്നിവയിലെ എന്‍ആര്‍ഐ നിക്ഷേപം കുറയാന്‍ സാധ്യതയുണ്ട്.
പുതിയ വ്യവസ്ഥ അനുസരിച്ച്, നാട്ടിലേക്ക് അയക്കുന്ന ഓരോ 1 ലക്ഷത്തിനും (ഡോളര്‍ കണക്കില്‍) 5,000 (ഡോളര്‍ കണക്കില്‍) നികുതി അടയ്ക്കേണ്ടി വരും. ഇതുവരെ റെമിറ്റന്‍സുകള്‍ക്ക് യുഎസ് നികുതി ഉണ്ടായിരുന്നില്ല, ഇത് ഒരു വലിയ നയപരമായ മാറ്റമാണ്.