സെൻസെക്സിൽ 770 പോയന്‍റ് ഇടിവ്, നിഫ്‍റ്റിയും കുത്തനെ ഇടിഞ്ഞു, ബാങ്ക്, ഓട്ടോ ഓഹരികൾ കൂപ്പുകുത്തി

By Web TeamFirst Published Sep 3, 2019, 6:19 PM IST
Highlights

867 പോയന്‍റ് കൂപ്പുകുത്തിയ ശേഷം, സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 769.88 പോയന്‍റിലാണ്. നിഫ്‍റ്റിയും 225.35 പോയന്‍റ് ഇടിഞ്ഞ് 10,797.90-ൽ വ്യാപാരം അവസാനിപ്പിച്ചു.

മുംബൈ: കനത്ത സമ്മർദ്ദത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ വിപണി. സെൻസെ‍ക്സിലും നിഫ്‍റ്റിയിലും ഇന്ന് കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. 867 പോയന്‍റ് കൂപ്പുകുത്തിയ ശേഷം, അൽപം കരകയറി സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 769.88 പോയന്‍റിലാണ്. എങ്കിലും ഇടിവ് 770 പോയന്‍റ്. നിഫ്‍റ്റിയും 225.35 പോയന്‍റ് ഇടിഞ്ഞ് 10,797.90-ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ച അഞ്ച് ശതമാനമായി ഇടിഞ്ഞതോടെയാണ് വിപണിയിലും പ്രതിഫലിച്ചത്. വിപണിയിലെ പരിഭ്രാന്തി ബാങ്കിംഗ് രംഗത്തെയും ഓട്ടോമൊബൈൽ രംഗത്തെയും ഓഹരികളുടെ വില ഇടിയ്ക്കുന്നതിലാണ് ചെന്നുനിന്നത്. 

ജിഡിപിയിലെ ഇടിവ്, നിർണായകമായ നിർമാണമേഖലയിലടക്കമുള്ള മാന്ദ്യം, ഓട്ടോമൊബൈൽ മേഖലയിലെ കനത്ത പ്രതിസന്ധി - ഇതെല്ലാം രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് കാണിക്കുന്നതാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും ഓഹരികള്‍ വിറ്റുമാറാന്‍ തുടങ്ങിയതോടെയാണ് സെന്‍സെക്സ്  ഇത്രയും താഴ്ന്നത്. 

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് ഈ വർഷത്തെ ഏറ്റവും മോശമായ നിലയിലെത്തി. 90 പൈസ ഇടിഞ്ഞ് ഒരു യുഎസ് ഡോളറിനെതിരെ 72.27 ആണ് രൂപയുടെ മൂല്യം. 

പൊതുമേഖലാ ബാങ്കുകളുടെ, പ്രത്യേകിച്ച് കോർപ്പറേഷൻ, പഞ്ചാബ് നാഷണൽ ബാങ്കുകളുടെ ഓഹരി മൂല്യത്തിൽ 9.3 % ഇടിവുണ്ടായി. 10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. 

click me!