
ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്‌സ്മാന്മാരെ കണ്‍കെട്ടിന് സമാനമായ ഡെലിവറികളിലൂടെ വീഴ്ത്തിയ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഏറ്റവും മികച്ച 'ഡെലിവറി' പിറന്നത് ഒരു മീറ്റിംഗ് റൂമിലായിരുന്നു. 2008-ല്‍ ഐപിഎല്‍ ആരംഭിച്ച സമയത്ത് വലിയൊരു പ്രതിഫലത്തിന് പകരം ഒരു ഫ്രാഞ്ചൈസിയുടെ ചെറിയൊരു ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ട വോണിന്റെ ആ ദീര്‍ഘവീക്ഷണം, അദ്ദേഹത്തിന്റെ മരണശേഷവും മക്കള്‍ക്ക് സമ്മാനിച്ചത് അവിശ്വസനീയമായ ഒരു മഹാ ജാക്ക്പോട്ടാണ്. കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് ആസ്ഥാനമായുള്ള കണ്‍സോര്‍ഷ്യം രാജസ്ഥാന്‍ റോയല്‍സിനെ വാങ്ങിയതോടെയാണ് വോണിന്റെ ബിസിനസ്സ് തന്ത്രം വന്‍ വിജയമായി മാറിയത്.
2022 മാര്‍ച്ച് 4-ന് തായ്ലന്‍ഡില്‍ വെച്ച് 52-ാം വയസ്സില്‍ ഷെയ്ന്‍ വോണ്‍ അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ 12 ലക്ഷത്തോളം രൂപയുടെ (17,537 ഓസ്ട്രേലിയന്‍ ഡോളര്‍) കുടിശ്ശികയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആകെ സ്വത്ത് 140 കോടി രൂപയുടേതായിരുന്നു. ഇതില്‍ പോര്‍ട്ട്‌സീയിലെ 44.51 കോടിയുടെ വീട്, ബാങ്ക് അക്കൗണ്ടുകളിലെ 34.24 കോടി രൂപ, ഓഹരികള്‍, മകന്‍ ജാക്‌സണ് നല്‍കിയ 350,000 ഓസ്ട്രേലിയന്‍ ഡോളര്‍ മൂല്യമുള്ള മെര്‍സിഡസ് കാര്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടിരുന്നു. ഈ സ്വത്തിന്റെ 31 ശതമാനം വീതം മൂന്ന് മക്കള്‍ക്കുമായി (ജാക്‌സണ്‍, ബ്രൂക്ക്, സമ്മര്‍) വോണ്‍ വീതിച്ചു നല്‍കിയിരുന്നു. സഹോദരന്‍ ജാസണ് 2 ശതമാനവും അനന്തരവന്മാര്‍ക്ക് 5 ശതമാനവുമായിരുന്നു നല്‍കിയത്. ഇത് നല്ലൊരു തുകയാണെങ്കിലും തലമുറകള്‍ക്ക് ജീവിക്കാനുള്ള വലിയൊരു സാമ്രാജ്യമൊന്നും ആയിരുന്നില്ല.
എന്നാല്‍, ഇതിനെയെല്ലാം കാറ്റില്‍പ്പറത്തുന്ന ഒന്നായിരുന്നു ഒരു ദശകത്തിലേറെയായി അദ്ദേഹം കളിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയില്‍ വോണിനുണ്ടായിരുന്ന 3 ശതമാനം ഓഹരി പങ്കാളിത്തം. 2026 മാര്‍ച്ചില്‍ എത്തുമ്പോള്‍ ആ ഓഹരിയുടെ മൂല്യം എത്തിനില്‍ക്കുന്നത് 450 കോടി രൂപയിലാണ്. അതായത് വോണ്‍ തന്റെ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതിനേക്കാള്‍ മൂന്നിരട്ടിയിലധികം തുക!
2008-ല്‍ ബിസിസിഐ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റ് എത്രകാലം മുന്നോട്ടുപോകുമെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു. ഇംഗ്ലണ്ടിനെ 5-0 ന് തോല്‍പ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വോണ്‍ വിരമിച്ച് 12 മാസം കഴിഞ്ഞ സമയമായിരുന്നു അത്. ലേലത്തില്‍ വലിയ ടീമുകളെല്ലാം വമ്പന്‍ താരങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍, ബ്രിട്ടീഷ്-ഇന്ത്യന്‍ വ്യവസായിയായ മനോജ് ബദാലെയുടെ ഉടമസ്ഥതയിലുള്ള കുറഞ്ഞ ബഡ്ജറ്റുള്ള രാജസ്ഥാന്‍ റോയല്‍സ് വോണിനെ സ്വന്തമാക്കി. അന്നത്തെ അദ്ദേഹത്തിന്റെ ശമ്പളം 6.2 കോടി രൂപയായിരുന്നു.
എന്നാല്‍ വോണ്‍ വെറുതെ പണം വാങ്ങി ഒപ്പിടുകയല്ല ചെയ്തത്. ടീമിന്റെ ക്യാപ്റ്റന്‍, കോച്ച്, സെലക്ടര്‍, ഡ്രെസ്സിംഗ് റൂം മാനേജര്‍, വക്താവ് ഇങ്ങനെ എല്ലാ ചുമതലകളും താന്‍ ഏറ്റെടുക്കാമെന്ന് വോണ്‍ സമ്മതിച്ചു. പകരമായി, കൂടുതല്‍ പണത്തിന് പകരം ടീമിന്റെ ചെറിയൊരു ഓഹരി അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ കളിക്കുന്ന ഓരോ വര്‍ഷത്തിനും 0.75 ശതമാനം വീതം ഓഹരി. അങ്ങനെ 4 വര്‍ഷം കളിച്ചതോടെ വോണ്‍ ടീമിന്റെ 3 ശതമാനം ഓഹരിക്ക് ഉടമയായി.2008-ല്‍ എമേര്‍ജിംഗ് മീഡിയ രാജസ്ഥാന്‍ റോയല്‍സിനെ 67 മില്യണ്‍ ഡോളറിന് വാങ്ങുമ്പോള്‍ വോണിന്റെ 3 ശതമാനത്തിന്റെ മൂല്യം വെറും 2 മില്യണ്‍ ഡോളറായിരുന്നു.
ക്രിക്കറ്റ് കരിയര്‍ വോണിന് മികച്ച സമ്പാദ്യം നല്‍കിയിരുന്നു. 1996-ല്‍, തന്റെ 27-ാം വയസ്സില്‍ അദ്ദേഹം പ്രതിവര്‍ഷം 875,000 ഓസ്ട്രേലിയന്‍ ഡോളര്‍ (2.5 കോടി രൂപ) സമ്പാദിച്ചിരുന്നു. നൈക്കിയുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ തുക ക്രിക്കറ്റ് ബോര്‍ഡിന്റെ കരാറിനേക്കാള്‍ വളരെ വലുതായിരുന്നു. ടൈഗര്‍ വുഡ്‌സ്, ആന്ദ്രെ അഗാസി എന്നിവര്‍ക്കൊപ്പം ഒഫീഷ്യല്‍ ഓള്‍ സ്റ്റാര്‍ കഫേയിലും അദ്ദേഹം ഇടംപിടിച്ചു. 1997-ല്‍ ഇംഗ്ലീഷ് കൗണ്ടി ക്ലബുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ 1 മില്യണ്‍ പൗണ്ട് വരെ വാഗ്ദാനം ചെയ്തു. പിന്നീട് മെല്‍ബണ്‍ സ്റ്റാര്‍സ് വെറും 9 ബിബിഎല്‍ മത്സരങ്ങള്‍ക്കായി 500,000 യുഎസ് ഡോളറാണ് നല്‍കിയത്. അതായത് ഒരു പന്തിന് 3,000 ഡോളര്‍ വീതം!
ലോകത്തിലെ ഏറ്റവും വാണിജ്യ മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായിരുന്നു വോണ്‍. എന്നാല്‍ ഇതിനെല്ലാം അദ്ദേഹം സജീവമായി കളിക്കളത്തില്‍ ഉണ്ടാകണമായിരുന്നു. അദ്ദേഹം മരണപ്പെട്ടതോടെ ആ വരുമാനങ്ങളെല്ലാം നിലച്ചു. അദ്ദേഹം തുടങ്ങിയ 'സെവന്‍സീറോഎയിറ്റ് ജിന്‍'എന്ന സ്വന്തം മദ്യ ബ്രാന്‍ഡ് പോലും വോണിന്റെ മരണത്തോടെ 2022 സെപ്റ്റംബറായപ്പോഴേക്കും തകര്‍ന്നു. 21 കടക്കാര്‍ക്കായി 2.6 മില്യണ്‍ ഡോളറിന്റെ ബാധ്യതയോടെ ആ കമ്പനി പൂട്ടിപ്പോയി. എന്നാല്‍ ഐപിഎല്‍ ഓഹരി അങ്ങനെയല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രകടനത്തെയല്ല, മറിച്ച് ആ ലീഗിന്റെ വളര്‍ച്ചയെയാണ് ആശ്രയിച്ചിരുന്നത്. 2019-ല്‍ 400 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫ്രാഞ്ചൈസിയില്‍ തനിക്കുള്ള 3 ശതമാനം ഓഹരി 'കുഴപ്പമില്ലാത്തതാണ്' എന്ന് വോണ്‍ പറഞ്ഞിരുന്നു. 2026-ല്‍ എത്തുമ്പോള്‍ ആ കണക്കുകൂട്ടല്‍ ഒരു ചരിത്ര വിജയമായി മാറി.
കഴിഞ്ഞ മാര്‍ച്ചില്‍ സംരംഭകനായ കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള യുഎസ് ആസ്ഥാനമായുള്ള കണ്‍സോര്‍ഷ്യം രാജസ്ഥാന്‍ റോയല്‍സിനെ 1.63 ബില്യണ്‍ യുഎസ് ഡോളറിനാണ് വാങ്ങുന്നത്. ഇതോടെ വോണിന്റെ 3 ശതമാനം ഓഹരിയുടെ മൂല്യം 48.9 മില്യണ്‍ ഡോളറായി മാറി! ഒരു സാധാരണ ശമ്പളം ഇന്നത്തെ ദിവസത്തേക്ക് മാത്രമുള്ളതാണ്, എന്നാല്‍ ഓഹരി പങ്കാളിത്തം ഭാവിയെ മാറ്റിയെഴുതും എന്ന് വോണ്‍ മനസ്സിലാക്കിയിരുന്നു. ഭൂരിഭാഗം കായികതാരങ്ങളും തങ്ങളുടെ സമയം വില്‍ക്കുമ്പോള്‍, വോണ്‍ വാങ്ങിയത് ഭാവിയുടെ ഒരു പങ്കായിരുന്നു. ആ തുക മെല്‍ബണിലെ വോണിന്റെ മക്കളുടെ അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ വോണ്‍ കൂടെയില്ലായിരിക്കാം, പക്ഷേ 2008-ല്‍ അദ്ദേഹം നടത്തിയ ആ മികച്ച നീക്കം ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു.