ഇന്ത്യയിൽ വെജ്, നോൺ-വെജ് ഊണിന്റെ ചിലവ് കഴിഞ്ഞ വർഷത്തേക്കാൾ യഥാക്രമം 5%, 6% വർധിച്ചതായി ക്രിസിൽ റിപ്പോർട്ട്. തക്കാളി, ചിക്കൻ, പാചക എണ്ണ എന്നിവയുടെ വില വർധനയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഉഷ്ണതരംഗവും ആഗോള സംഘർഷങ്ങളുമാണ് ഇതിന് പിന്നിൽ.

രാജ്യത്ത് നിത്യേന വീട്ടിലെ ചിലവുകൾ കൂടുന്നതായി റിപ്പോ‍‍‌ർട്ട്. വീട്ടിൽ തയ്യാറാക്കുന്ന ഒരു സാധാരണ വെജിറ്റേറിയന്‍ ഊണിന്റെ ചിലവ് ഈ ജൂണില്‍ 28.4 രൂപ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനമാണ് വര്‍ധന. എന്നാല്‍ നോണ്‍- വെജ് ഊണിനാകട്ടെ ചിലവ് 58.2 രൂപയായി (6 ശതമാനം വര്‍ധന). കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ വെജ്, നോണ്‍-വെജ് ഊണുകള്‍ക്ക് യഥാക്രമം 4 ശതമാനവും 3 ശതമാനവും വില കൂടിയിട്ടുണ്ട്. ക്രിസില്‍ ഇന്റലിജന്‍സിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതൊരു ചെറിയ സംഖ്യയാണെന്ന് തോന്നാമെങ്കിലും, ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം (ചപ്പാത്തി, ചോറ്, പരിപ്പ്, പച്ചക്കറികള്‍, തൈര്, സാലഡ്, നോണ്‍- വെജ് ആണെങ്കില്‍ പരിപ്പിന് പകരം ചിക്കന്‍) തയ്യാറാക്കാന്‍ യഥാര്‍ത്ഥത്തില്‍ എത്ര രൂപ ചിലവാകും എന്നാണ് ക്രിസില്‍ സൂചിക വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ ശരാശരി കണക്കാണിത്. പരസ്പരം ബന്ധമില്ലാത്ത രണ്ട് കാരണങ്ങളാണ് ഈ വിലക്കയറ്റത്തിന് പിന്നില്‍. ഒന്ന്, അമേരിക്കന്‍- ഇറാന്‍ യുദ്ധം. രണ്ട്, കടുത്ത ഉഷ്ണതരംഗം.

ബജറ്റ് തകര്‍ത്ത് തക്കാളി

വിലക്കയറ്റത്തിലെ പ്രധാന വില്ലന്‍ തക്കാളിയാണ്. ക്രിസിലിന്റെ കണക്കനുസരിച്ച് ജൂണില്‍ തക്കാളി വില കിലോയ്ക്ക് 42 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 32 രൂപയില്‍ നിന്ന് 31 ശതമാനം വര്‍ധനവ്. മെയ് മാസത്തെ മാത്രം അപേക്ഷിച്ച് 17 ശതമാനം കൂടി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ അസാധാരണമായ ചൂട് കാരണം കൃഷിയിറക്കാന്‍ വൈകിയതും വിപണിയില്‍ തക്കാളി എത്തുവാന്‍ താമസിച്ചതുമാണ് പ്രധാന കാരണം. സവാളയുടെ വിലയും മെയ് മാസത്തെ അപേക്ഷിച്ച് 8 ശതമാനം കൂടി. എന്നാല്‍ ഊണ്‍ മേശയിലെ ഏക ആശ്വാസം ഉരുളക്കിഴങ്ങായിരുന്നു. പുതിയ വിളവെടുപ്പ് വന്നതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം വില കുറഞ്ഞു. ഇതുകൂടി ഇല്ലായിരുന്നെങ്കില്‍ വെജ് ഊണിന്റെ ചിലവ് ഇതിലും കൂടിയേനെ.

അകലെ യുദ്ധം, അടുക്കളയില്‍ തീ

പാചക എണ്ണയുടെയും പാചക വാതകത്തിന്റെയും വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് ആഗോള ഊര്‍ജ്ജ- എണ്ണ വിതരണ ശൃംഖലയെ ബാധിച്ചത്. അകലെ നടക്കുന്ന യുദ്ധം നമ്മുടെ ഗ്യാസ് സ്റ്റൗവില്‍ നേരിട്ട് പ്രതിഫലിക്കുകയാണിവിടെ.

ചിക്കന്‍ വിഭവങ്ങള്‍ക്കും പൊള്ളുന്ന വില

വെജിറ്റേറിയന്‍ ഊണിനേക്കാള്‍ വേഗത്തിലാണ് നോണ്‍- വെജ് ഊണിന്റെ ചിലവ് കൂടിയത്. ഇതിന് കാരണം ബ്രോയിലര്‍ ചിക്കനാണ്. ഒരു നോണ്‍-വെജ് പാത്രത്തിന്റെ പകുതി ചിലവും ചിക്കന്റേതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനമാണ് ചിക്കന്‍ വില കൂടിയത്. കൊടുംചൂടില്‍ കോഴികള്‍ ചത്തൊടുങ്ങിയതും, ഭാരം വെക്കാത്തതും, പുതിയ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കര്‍ഷകര്‍ മടിച്ചതും വിതരണം കുറയ്ക്കാനും വില കൂട്ടാനും കാരണമായി.

ഇനി എല്ലാം മഴയുടെ കൈകളില്‍

വിലക്കയറ്റം എന്ന് കുറയുമെന്ന് ചോദിച്ചാല്‍, അത് മഴയെ ആശ്രയിച്ചിരിക്കും എന്നാണ് ക്രിസിലിന്റെ ഉത്തരം. ജൂണ്‍ 1 മുതല്‍ ജൂലൈ 7 വരെയുള്ള കാലയളവില്‍ ശരാശരിയേക്കാള്‍ 17 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴയുടെ ലഭ്യത കുറഞ്ഞാല്‍ അത് നെല്‍കൃഷിയെയും മറ്റ് വിളകളെയും സാരമായി ബാധിക്കും.