2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് പിന്നില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ വലിയൊരു പോരാട്ടം കൂടിയുണ്ട്. ലയണല്‍ മെസ്സിയുടെയും ലമീന്‍ യമാലിന്റെയും വരുമാനം, അഡിഡാസിന്റെ വിജയം, ഞെട്ടിക്കുന്ന ടിക്കറ്റ് നിരക്കുകള്‍ എന്നിവയെക്കുറിച്ചറിയാം.
ന്യൂ ജേഴ്‌സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ ഞായറാഴ്ച നടക്കുന്ന 2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് കളം ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഈ മഹാപോരാട്ടം. എന്നാല്‍ കാല്‍പ്പന്ത് ലോകത്തെ ഈ ഏറ്റവും വലിയ മത്സരത്തിനു പിന്നിൽ കോടിക്കണക്കിന് ആരാധകരുടെ ആവേശം മത്രമല്ല, കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ വലിയൊരു പോരാട്ടം കൂടിയാണ്. ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ചില കണക്കുകൾ നോക്കാം.
പണക്കിലുക്കത്തിലെ വമ്പന്മാര്‍
39-ാം വയസിലും ലയണല്‍ മെസി തന്നെയാണ് പരസ്യ വരുമാനത്തില്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. സ്പോര്‍ട്ടിക്കോയുടെ കണക്കുകള്‍ പ്രകാരം ഈ സീസണില്‍ മാത്രം പരസ്യങ്ങളിലൂടെയും മറ്റ് സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും 672 കോടി രൂപ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്റര്‍ മയാമി ക്ലബ്ബില്‍ നിന്നുള്ള വാര്‍ഷിക കരാറിലൂടെ മറ്റൊരു 672 കോടി രൂപ കൂടി മെസിക്ക് ലഭിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ ഈ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ് മെസി. കരിയറിലാകെ 19,104 കോടി രൂപയുടെ (1.99 ബില്യണ്‍ ഡോളര്‍) സമ്പാദ്യമുള്ള മെസി, എക്കാലത്തെയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ്.
എന്നാല്‍ സ്പെയിന്റെ 19 കാരനായ കൗമാര താരം ലമീന്‍ യമാലും ഒട്ടും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ നിന്ന് 316.8 കോടി രൂപയും (33 മില്യണ്‍ ഡോളര്‍), അഡിഡാസ്, അമേരിക്കന്‍ ഈഗിള്‍ തുടങ്ങിയ സ്പോണ്‍സര്‍മാരില്‍ നിന്ന് 96 കോടി രൂപയും (10 മില്യണ്‍ ഡോളര്‍) യമാല്‍ സമ്പാദിച്ചു. സ്പോര്‍ട്ടിക്കോയുടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകകപ്പ് ഫുട്ബോള്‍ കളിക്കാരുടെ പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് യമാല്‍. ഞായറാഴ്ച സ്പെയിന്‍ വിജയിക്കുകയും യമാല്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ അടുത്ത ലോകകപ്പാകുമ്പോഴേക്കും ഈ പട്ടികയില്‍ യമാല്‍ വളരെ മുന്നിലെത്തും.
അഡിഡാസിന് തകര്‍പ്പന്‍ വിജയം
ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം പൂര്‍ണമായും സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസിന്റെ ഒരു ആഘോഷമായിരിക്കും. ഫൈനലിലെത്തുന്ന അര്‍ജന്റീനയുടെയും സ്പെയിന്റെയും കിറ്റ് സ്പോണ്‍സര്‍മാര്‍ അഡിഡാസ് ആണ്. ഇതിന് മുന്‍പ് 2014-ല്‍ ജര്‍മ്മനിയും അര്‍ജന്റീനയും തമ്മിലായിരുന്നു അവസാനമായി രണ്ട് അഡിഡാസ് ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. ആ വര്‍ഷം അഡിഡാസിന്റെ ഫുട്ബോള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 20 ശതമാനം വര്‍ദ്ധിച്ച് 23,040 കോടി രൂപയില്‍ (2.4 ബില്യണ്‍ ഡോളര്‍) എത്തിയിരുന്നു.
അതേസമയം, അഡിഡാസിന്റെ പ്രധാന എതിരാളികളായ നൈക്കി, കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലണ്ട് തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തി വലിയ പരസ്യങ്ങളിലൂടെയാണ് ഈ ലോകകപ്പിലേക്ക് എത്തിയത്. ഹാലണ്ട് അമേരിക്കയില്‍ വലിയ തരംഗമായി മാറിയെങ്കിലും നൈക്കിക്ക് ഇത്തവണ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ കഴിയില്ല. പകരം ജര്‍മ്മനി ദേശീയ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവകാശം മാത്രമാണ് ഈ ടൂര്‍ണമെന്റില്‍ നിന്ന് നൈക്കിക്ക് നേടാനായത്.
ഞെട്ടിക്കുന്ന ടിക്കറ്റ് വില
ടിക്കറ്റ് മാസ്റ്ററിന്റെ കണക്കുകള്‍ പ്രകാരം ഫൈനല്‍ മത്സരത്തിന്റെ സ്റ്റേഡിയത്തിലെ ഏറ്റവും മുകളിലെ നിരയിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,54,400 രൂപ (8,900 ഡോളര്‍) മുതലാണ് ആരംഭിക്കുന്നത്. അതേസമയം താഴത്തെ നിരയിലെ നല്ല സീറ്റുകള്‍ക്ക് 23,04,000 രൂപ (24,000 ഡോളര്‍) വരെയാണ് വില. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ടിക്കറ്റ് വില നാലിരട്ടിയോളം ഉയര്‍ന്നത് കാരണം അവസാന നിമിഷം വരെ വലിയൊരു വിഭാഗം സീറ്റുകള്‍ വിറ്റുപോകാതെ കിടന്നിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തിന്റെ കാര്യത്തില്‍ വളരെ കുറച്ചു ടിക്കറ്റുകള്‍ മാത്രമാണ് റീസെയില്‍ ലഭ്യമായിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പില്‍ ഫിഫ സ്വീകരിച്ച ടിക്കറ്റ് തന്ത്രത്തിന്റെ വിജയമാണിത്. ടിക്കറ്റ് നിരക്കുകള്‍ തുടക്കം മുതലേ വളരെ ഉയര്‍ന്നതായി നിശ്ചയിക്കുകയും ബ്ലാക്കില്‍ ടിക്കറ്റ് മറിച്ചു വില്‍ക്കുന്നവരുടെ കൈകളിലേക്ക് പണം പോകുന്നത് തടയുകയുമാണ് ഫിഫ ഇതിലൂടെ ലക്ഷ്യമിട്ടത്.


