
മുംബൈ : രണ്ടാം ദിനം നേട്ടത്തോടെ ആരംഭിച്ച വിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 0.19 ശതമാനവും നിഫ്റ്റി 0.15 ശതമാനവും ഇടിഞ്ഞു. രാവിലെ ബിഎസ്ഇയും എൻഎസ്ഇയും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 100.42 പോയിന്റ് ഇടിഞ്ഞ് 53,134.35 ലും നിഫ്റ്റി 24.50 പോയിന്റ് താഴ്ന്ന് 15,810.90 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1671 ഓഹരികൾ മുന്നേറി, 1538 ഓഹരികൾ ഇടിഞ്ഞു, 150 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പവർ ഗ്രിഡ് കോർപ്പറേഷൻ, ശ്രീ സിമന്റ്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഐടിസി, വിപ്രോ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
പവർ സൂചിക 0.6 ശതമാനവും മെറ്റൽ സൂചിക 0.4 ശതമാനവും ഉയർന്നു, അതേസമയം റിയൽറ്റി, ഐടി, ഓട്ടോ, ബാങ്കിംഗ് സൂചിക താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു.