കേബിള്‍ ടിവി വ്യവസായം കടുത്ത പ്രതിസന്ധിയില്‍; ഏഴ് വര്‍ഷത്തിനിടെ 5.77 ലക്ഷം തൊഴില്‍ നഷ്ടം, തിരിച്ചടിയായി ഒടിടികളുടെ വരവ്

Published : Jun 10, 2025, 06:04 PM IST
Cable TV

Synopsis

2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഏകദേശം 5.77 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്

ന്ത്യയുടെ കേബിള്‍ ടെലിവിഷന്‍ വ്യവസായം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പണമടച്ചുള്ള ടിവി സബ്സ്‌ക്രിപ്ഷനുകളില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവ് കാരണം 2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഏകദേശം 5.77 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷനും ഏണസ്റ്റ് ആന്റ് യംഗ് ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ 'സ്റ്റേറ്റ് ഓഫ് കേബിള്‍ ടിവി ഡിസ്ട്രിബ്യൂഷന്‍ ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്്. 2018-ല്‍ 151 ദശലക്ഷമായിരുന്ന ടിവി വരിക്കാരുടെ എണ്ണം 2024-ല്‍ 111 ദശലക്ഷമായി കുറഞ്ഞു. 2030 ആകുമ്പോഴേക്കും ഇത് 71-81 ദശലക്ഷമായി ഇനിയും കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

തൊഴില്‍ നഷ്ടവും വരുമാനക്കുറവും 

ചാനല്‍ നിരക്കുകളിലെ വര്‍ദ്ധന, ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കടുത്ത മത്സരം, ഫ്രീ ഡിഷ് പോലുള്ള സൗജന്യ സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരം എന്നിവയാണ് ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ചാനല്‍ നിരക്കുകള്‍ക്ക് അനുസരിച്ച് വരിക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ കഴിയാത്തതാണ് തങ്ങളെ വലയ്ക്കുന്ന പ്രധാന വെല്ലുവിളിയെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഒടിടിയിലെ ഉള്ളടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലിവിഷന്‍ ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തില്‍ കുറവ് വന്നതായി ആളുകള്‍ക്ക് തോന്നിയതും, വീടുകളില്‍ ടെലിവിഷന്‍ കണക്ഷനുകള്‍ കുറഞ്ഞതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി

നാല് ഡയറക്ട്-ടു-ഹോം കമ്പനികളുടേയും പത്ത് പ്രധാന കേബിള്‍ ടിവി ദാതാക്കളുടെയും സംയോജിത വരുമാനം 2018 മുതല്‍ 16% കുറഞ്ഞു. ലാഭത്തില്‍ 29% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 25,700 കോടിയായിരുന്ന ഇവരുടെ വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 21,500 കോടിയായി കുറഞ്ഞു. രാജ്യത്തുടനീളമുള്ള 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 28,181 പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത ഓപ്പറേറ്റര്‍മാര്‍ 31% തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച്് 37,835 ജോലികളാണ് നഷ്ടമായത്. ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍, ഇത് 1.14 ലക്ഷം മുതല്‍ 1.95 ലക്ഷം വരെ തൊഴില്‍ നഷ്ടത്തിന് തുല്യമാണ്. കൂടാതെ, 2018 മുതല്‍ ഏകദേശം 900 മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റേഴ്‌സും 72,000 ലോക്കല്‍ കേബികള്‍ ഓപ്പറേറ്റേഴ്‌സും അടച്ചുപൂട്ടിയത് മൊത്തം തൊഴില്‍ നഷ്ടം 5.77 ലക്ഷത്തിലെത്താന്‍ കാരണമായി.

പ്രതിസന്ധിയിലും പ്രതീക്ഷയോടെ വ്യവസായം:

85-90 ദശലക്ഷം ഇന്ത്യന്‍ കുടുംബങ്ങള്‍ ഇപ്പോഴും ടെലിവിഷന്‍ സബ്സ്‌ക്രിപ്ഷനുകള്‍ക്ക് പണം നല്‍കുന്നുണ്ട്. താങ്ങാനാവുന്ന സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെയും കുറഞ്ഞ വിലയുള്ള ടെലിവിഷനുകളിലൂടെയും സെറ്റ്-ടോപ്പ് ബോക്‌സുകളിലൂടെയും ഏകദേശം 100 ദശലക്ഷം കേബിള്‍ ലഭ്യമല്ലാത്ത വീടുകളിലേക്ക് എത്താന്‍ അവസരമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം