ഒരാഴ്ചക്കിടെ രണ്ടാമത്തേത്: അമേരിക്കയിലെ സിഗ്നേച്ചർ ബാങ്കും തകർന്നു; ഓഹരി വിപണികൾ ഇടിയുന്നു

Published : Mar 13, 2023, 03:04 PM IST
ഒരാഴ്ചക്കിടെ രണ്ടാമത്തേത്: അമേരിക്കയിലെ സിഗ്നേച്ചർ ബാങ്കും തകർന്നു; ഓഹരി വിപണികൾ ഇടിയുന്നു

Synopsis

രണ്ട് ദിവസം മുൻപാണ് അമേരിക്കയിലെ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞത്

വാഷിങ്ടൺ: അമേരിക്കയിൽ ഒരു ബാങ്കു കൂടി തകർന്നു. ന്യൂയോർക്കിലെ സിഗ്‌നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തകർന്നത് ലോകമെങ്ങും ബാങ്കിങ് ഓഹരികൾ ഇടിയാൻ കാരണമായി. ഒരാഴ്ചക്കിടെ രണ്ടു ബാങ്കുകൾ തകർന്നതോടെ ആഗോള സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടികൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. 11000  കോടി രൂപയുടെ ആസ്തിയുള്ള സിഗ്‌നേച്ചർ ബാങ്കിന്റെ വീഴ്ച ഒട്ടനവധി നിക്ഷേപകരെ ആശങ്കയിലാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിങ് ഇൻഷൂറൻസ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

അമേരിക്കയിലെ തകർച്ചയ്ക്ക് പിന്നാലെ സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച് എസ് ബി സി ഏറ്റെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച് എസ് ബി സി. അമേരിക്കയിലെ സിലിക്കൺവാലി ബാങ്ക് അടച്ചുപൂട്ടിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ ഏറ്റെടുക്കൽ. സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടനിലെ ഇടപാടുകാർക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുമെന്ന് എച്ച് എസ് ബി സി അറിയിച്ചു. 

അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം പൊളിഞ്ഞ സിലിക്കൺ വാലി ബാങ്ക്. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോ‍ർപ്പറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് എസ് വി ബിയെ തകർത്തത്.

സിലിക്കൺ വാലി ബാങ്കിന്റെ ഉടമകളായ എസ്‍വിബി ഫിനാൻഷ്യൽ ഗ്രൂപ്പ്, ബുധനാഴ്ചയാണ് 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപന പ്രഖ്യാപിച്ചത്. അത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ്‌വിബി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ ബാങ്കിന്റെ ഓഹരി മൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്.  സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ്‍വിബി ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയിടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. 
 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം