
സിൽവർ ജൂബിലി നിറവിൽ അതിരപ്പിള്ളി സിൽവർ സ്റ്റോം അമ്യുസ്‌മെന്റ് പാർക്ക്. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ സിൽവർ ജൂബിലി ആഘോഷം മാനേജിംഗ് ഡയറക്ടർ എ. ഐ ഷാലിമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ അബ്ദുൾ ജലീൽ, സ്വതന്ത്ര ഡയറക്ടർ സി. അരവിന്ദാക്ഷൻ, പാർട്ട്ണർ സിറാജ് വലിയവീട്ടിൽ, മാർക്കറ്റിംഗ് മാനേജർ ഇ. കെ ഷാജിത് എന്നിവർ പങ്കെടുത്തു.
സഞ്ചാരികളെ ആകാശയാത്ര കൊണ്ട് അതിശയിപ്പിക്കാൻ കേബിൾ കാർ ഉൾപ്പെടെ പുതിയ 25 റൈഡുകൾ പാർക്കിൽ അവതരിപ്പിക്കുകയാണ്. കേബിൾ കാർ നവംബർ മാസത്തോടെ സന്ദർശകർക്കായി തുറന്നു കൊടുക്കും. കേബിൾ കാറിൽ ഒരു ദിവസം 5,000 പേർക്ക് വരെ ആകാശ സാഹസിക യാത്രയുടെ നവ്യാനുഭവം ആസ്വദിക്കാൻ കഴിയും.
പശ്ചിമഘട്ട വനമേഖലയുടെ മാസ്മരിക ഭംഗിയും, സിൽവർ സ്റ്റോം പാർക്കിന്റെയും ചാലക്കുടി പുഴയുടെയും മനം കുളിർപ്പിക്കുന്ന ആകാശ കാഴ്ചകളും 360 ഡിഗ്രിയിൽ കാണാൻ കഴിയും വിധം പൂർണമായും ഗ്ലാസിൽ നിർമിച്ച കേബിൾ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്വിറ്റ്‌സർലൻഡ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള കേബിൾ കാറിന്റെ സാങ്കേതിക വിദ്യയെക്കാളും മേന്മയേറിയതും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന കേബിൾ കാർ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലെ ആദ്യത്തെ 'സ്റ്റാന്റ് എലോൺ' വിനോദ സഞ്ചാരകേന്ദ്രമായി സിൽവർ സ്റ്റോം പാർക്ക് മാറുമെന്ന് മാനേജിംഗ് ഡയറക്ടർ എ. ഐ ഷാലിമാർ പറഞ്ഞു.
പുതിയ റൈഡുകളിൽ എട്ട് ഹൈ ത്രില്ലിങ് വാട്ടർ റൈഡുകളും ഏഴ് അഡ്വഞ്ചർ അമ്യുസ്‌മെന്റ് റൈഡുകൾ കൂടി ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാർക്കാകും സിൽവർ സ്റ്റോം. വാട്ടർ തീം പാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്ട് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന റെക്കോഡും സിൽവർസ്റ്റോം സ്വന്തമാക്കുമെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
150 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങളിൽ റൈഡുകൾക്ക് പുറമെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനായി പുതിയ രണ്ട് റസ്റ്റോറന്റുകൾ, രണ്ട് ലോക്കറുകൾ, കൂടുതൽ വാഷ് റൂമുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം 12 മില്യണിൽ പരം ആളുകൾ സിൽവർ സ്റ്റോം പാർക്ക് സന്ദർശിച്ചു കഴിഞ്ഞു. നവംബർ മാസത്തോടെ കേബിൾ കാറിന്റെയും, സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർത്തിയാവും.