
ദില്ലി: റിയൽ മണി ഗെയിമിംഗ് നിരോധിച്ചതോടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 10,000 മുതൽ 12,000 കോടി രൂപ വരെ വരുമാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2023 ഒക്ടോബറിൽ എല്ലാ ഓൺലൈൻ ഗെയിമുകൾക്കും 28% നികുതി ഏർപ്പെടുത്തിയതിനുശേഷം കേന്ദത്തിന്റെ വരുമാനത്തിൽ വൻ തോതിലുള്ള കുതിച്ചുചാട്ടം ഉണ്ടായി. 54-ാമത് ജിഎസ്ടി കൗൺസിലാണ് നികുതി 28 ശതമാനമാക്കിയത്. നേരത്തെ ഗെയിമുകൾക്ക് 18% ജിഎസ്ടി ഉണ്ടായിരുന്നു. സെപ്റ്റംബർ 22 മുതൽ ഓൺലൈൻ മണി ഗെയിമുകൾക്ക് 40% ജിഎസ്ടി ഈടാക്കും
ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ 2025 ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ട്, എല്ലാത്തരം ഓൺലൈൻ റിയൽ മണി ഗെയിമുകളെ നിരോധിക്കുകയും ഇ-സ്പോർട്സും മറ്റ് ഓൺലൈൻ ഗെയിമുകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഓൺലൈൻ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്കായി ഫണ്ട് കൈമാറുന്നത് തടയാനുമാണ് ഈ നിയമം ലക്ഷ്യം വെച്ചത്.
2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.