വിമാന ടിക്കറ്റിന് 'തീവില': വേനലവധി യാത്രകള്‍ക്ക് തിരിച്ചടി; വിനയായത് യുദ്ധവും ആകാശപാത നിയന്ത്രണങ്ങളും

Published : Mar 26, 2026, 05:45 PM IST
flight service

Synopsis

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഏഷ്യ- യൂറോപ്പ് റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. ചില റൂട്ടുകളിൽ 560% വരെ വർധന രേഖപ്പെടുത്തിയതോടെ, വിമാനങ്ങൾ റദ്ദാക്കുന്നതും ഇന്ധനച്ചെലവ് കൂടിയതും വേനലവധിക്ക് വിദേശയാത്ര പ്ലാൻ ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വേനലവധിക്ക് വിദേശയാത്ര പ്ലാന്‍ ചെയ്യുന്നവരുടെ പോക്കറ്റ് ചോരും. ഏഷ്യയും യൂറോപ്പും തമ്മിലുള്ള പ്രധാന വിമാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. ചില റൂട്ടുകളില്‍ 560 ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് ഈ അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണം.

നിരക്ക് ഇരട്ടിയിലധികം

വരുന്ന ജൂണ്‍ മാസത്തെ യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനം അധികം തുക നല്‍കേണ്ടി വരും.

സിഡ്‌നി - ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിന്റെ ഇരട്ടി തുകയാണ് ഇപ്പോള്‍ ഈ റൂട്ടില്‍. ഏകദേശം 1,500 ഡോളറിന് മുകളിലാണ് (ഏകദേശം 1.25 ലക്ഷം രൂപ) ശരാശരി നിരക്ക്.

ഹോങ്കോങ് - ലണ്ടന്‍: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നിരക്കില്‍ 560 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഏകദേശം 3,318 ഡോളര്‍ നല്‍കണം.

ബാങ്കോക്ക് - ഫ്രാങ്ക്ഫര്‍ട്ട്: നിരക്ക് 505 ശതമാനം വര്‍ധിച്ച് 2,870 ഡോളറിലെത്തി.

വിനയായത് യുദ്ധവും ആകാശപാത നിയന്ത്രണങ്ങളും

ഫെബ്രുവരി 28-ന് ഇറാനിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ആകാശപാതകളില്‍ വലിയ നിയന്ത്രണങ്ങളാണ് വന്നത്. ഇതേത്തുടര്‍ന്ന് ഏകദേശം 70,000 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ കുറഞ്ഞതും, വിമാനങ്ങള്‍ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നതിനാല്‍ ഇന്ധനച്ചെലവ് കൂടിയതും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായി.

യാത്രികര്‍ കുറയുന്നു

ടിക്കറ്റ് വില താങ്ങാനാവാത്ത നിലയിലേക്ക് ഉയര്‍ന്നതോടെ വിനോദയാത്ര പ്ലാന്‍ ചെയ്ത പലരും പിന്‍വാങ്ങുകയാണ്. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള ബുക്കിംഗില്‍ 15 ശതമാനത്തിന്റെ കുറവുണ്ടായി. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.

ഇന്ധന സര്‍ചാര്‍ജും കൂടി

വിമാനക്കമ്പനികളുടെ ചെലവിന്റെ മൂന്നിലൊന്നും ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതോടെ എണ്ണവില വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ്, കാഥേ പസഫിക്, എയര്‍ ന്യൂസിലന്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇത് ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാന്‍ കാരണമായി. നിലവിലെ അനിശ്ചിതാവസ്ഥയും വിമാനങ്ങള്‍ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയും കാരണം വിദേശയാത്രകള്‍ക്കായി പണം ചെലവാക്കുന്ന കാര്യത്തില്‍ വിനോദസഞ്ചാരികള്‍ ഇപ്പോള്‍ കടുത്ത ജാഗ്രതയിലാണ്.

PREV
Read more Articles on
click me!

Recommended Stories

മൈതാനത്തെ മാന്ത്രികന്‍ വിപണിയിലും കിംഗ്; വോണിന്റെ മക്കള്‍ക്ക് ലഭിക്കുക 450 കോടിയുടെ 'ജാക്ക്‌പോട്ട്'
വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും