
കൊളംബോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് 2.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിക്കാനൊരുങ്ങി ചൈന. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും രൂക്ഷമായ നിലയിലാണ് ശ്രീലങ്ക. ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ഗോട്ബയ രജപക്സെ ചൈനയോട് കൂടുതൽ സഹായം തേടിയത്. 2.5 ബില്യൺ അമേരിക്കൺ ഡോളർ അടിയന്തര സഹായമായി നൽകണം എന്നാണ് കൊളംബോയുടെ ആവശ്യം.
കൊവിഡ് കാലത്ത് അടക്കം ചൈന നൽകിയ വായ്പകളുടെ തിരിച്ചടവിൽ ഇളവ് വേണമെന്നും ശ്രീലങ്ക അഭ്യർത്ഥിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ സ്ഥിതി മുതലെടുക്കില്ലെന്നാണ് ചൈനയുടെ പ്രതികരണം. എങ്കിലും ബീജിങ്ങിന്റെ കൂടുതൽ ആവശ്യങ്ങൾക്ക് ലങ്ക വഴങ്ങേണ്ടി വന്നേക്കും. പ്രസിഡന്റ് ഗോട്ബയ രജപക്സെ അന്താരാഷ്ട്ര നാണ്യ നിധിയോടും അടിയന്തര ഇടക്കാല ആശ്വാസം തേടിയിട്ടുണ്ട്.
ഈ വർഷം ലങ്കൻ സർക്കാർ കൊടുത്തു തീർക്കാനുള്ളത് ഏഴു ബില്യൺ ഡോളറോളം വരുന്ന വിദേശ കടമാണ്. ഇതിൽ 3.34 ബില്യൺ ശ്രീലങ്ക ചൈനയ്ക്ക് മാത്രം കൊടുക്കാനുണ്ട്. ഈ ഘട്ടത്തിലാണ് ചൈനയിൽ നിന്ന് തന്നെ വീണ്ടും കടമെടുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കാരണം ശ്രീലങ്കൻ സർക്കാരിന് 14 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി തീരും വരെ വൈദ്യുതിയും ഇന്ധനവും പരമാവധി കുറച്ചുപയോഗിക്കണം എന്ന് പൊതുജനങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചിരിക്കുകയാണ്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് ശ്രീലങ്കയുടെ പക്കൽ ഇപ്പോഴുള്ളത്. 1948 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. കടലാസ് വാങ്ങാൻ പണമില്ലാത്തതുകൊണ്ട് സ്കൂളുകളിൽ നടത്തേണ്ട പരീക്ഷ പോലും നടത്താൻ കഴിയാതെ മാറ്റിവെച്ചു. അരിക്ക് കിലോയ്ക്ക് 300 രൂപയിലേക്ക് ഉയർന്നു. ഇത്തരത്തിൽ എല്ലാ സാധനങ്ങൾക്കും വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.