SBI Yono: ഗൂഗിള്‍ പേ മോഡലിൽ യോനോ 2.0; പുതിയ നീക്കവുമായി എസ്ബിഐ

By Web TeamFirst Published May 16, 2022, 12:17 PM IST
Highlights

നിലവിലെ യോനോ ആപ്പിൽ പരിഷ്‌കാരങ്ങൾ വരുത്തിയായിരിക്കും എസ്ബിഐ  യോനോ 2.0 അവതരിപ്പിക്കുക

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ യോനോ ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ യോനോ 2.0 ന്റെ സേവനം ലഭിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല. 

നിലവിലെ യോനോ ആപ്പിൽ പരിഷ്‌കാരങ്ങൾ വരുത്തിയായിരിക്കും എസ്ബിഐ  യോനോ 2.0 അവതരിപ്പിക്കുക. 2019 മാർച്ച് 16 നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. 

യോനോ ആപ്പിലെ സവിശേഷമായ ഒരു ഫീച്ചറാണ് യോനോ ക്യാഷ്. കാർഡ് ഉപയോഗിക്കാതെ, അപേക്ഷകൾ പൂരിപ്പിക്കാതെ ഇന്ത്യയിലെ  എസ്ബിഐ എടിഎമ്മുകളിൽ നിന്നോ എസ്ബിഐയുടെ മർച്ചന്റ് പിഒഎസ് ടെർമിനലുകളിൽ നിന്നോ കസ്റ്റമർ സർവീസ് പോയിന്റുകളിൽ നിന്നോ തൽക്ഷണം പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. ഇതിലൂടെ സുരക്ഷിതമായ പണമിടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നു.

വായ്പ നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ; രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണ 

ദില്ലി : ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വർധിപ്പിച്ചു. 10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐയുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകൾ ഉയർത്തുന്നത്.

എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയർത്തി 7.20 ശതമാനമാക്കി.  രണ്ട് വർഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമാക്കി ഉയർത്തി. അതേസമയം മൂന്ന് വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമാക്കി ഉയർത്തി.ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി ഉയർത്തി.  മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്ന് എസ്ബിഐ അറിയിച്ചു. 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് അപ്രതീക്ഷിതമായി ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ഉയർത്തിയിരുന്നു. 10 ബേസിസ് പോയിന്റുകൾ ആയിരുന്നു അപ്പോഴും വർധിപ്പിച്ചത്. ആർബിഐ റിപ്പോ റേറ്റ് 4  ശതമാനത്തിൽ നിന്നും 4.40 ശതമാനം ആക്കി ഉയർത്തിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ ആകെ 20 ബേസിസ് പോയിന്റുകൾ എസ്ബിഐ വർധിപ്പിച്ചു.   

click me!