1994ല്‍ അടച്ചുപൂട്ടിയ സ്റ്റീല്‍ ഫാക്ടറിക്ക് ജീവന്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

By Web TeamFirst Published Jan 10, 2020, 10:19 AM IST
Highlights

കാൽ നൂറ്റാണ്ടിലേറെ പൂട്ടിക്കിടന്ന ഫാക്ടറി വീണ്ടും തുറന്ന് ഇതിനെ സംസ്‌ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കാനുള്ള മാസ്റ്റർ പ്ലാൻ സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു

ആറ്റിങ്ങൽ: രണ്ടര പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി വീണ്ടും പ്രവർത്തനം തുടങ്ങുന്നു. ഈ മാസം 20ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. 20 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്തോടെയാണ് സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കുന്നത്.

1963ൽ ആരംഭിച്ചതാണ് സ്റ്റീൽ ഫാക്ടറി. സ്റ്റീൽ ഫാക്ടറി നിർമ്മിക്കുന്നതിന് പരിശീലനം നൽകുന്ന കേന്ദ്രമായാണ് പ്രവർത്തിച്ചത്. 1994 കാലത്താണ് പ്ലാന്റിന് താഴ് വീണത്. കനത്ത നഷ്ടം നേരിട്ട സാഹചര്യത്തിലായിരുന്നു  പ്ലാന്റ് അടച്ചുപൂട്ടിയത്. കാൽ നൂറ്റാണ്ടിലേറെ പൂട്ടിക്കിടന്ന ഫാക്ടറി വീണ്ടും തുറന്ന് ഇതിനെ സംസ്‌ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കാനുള്ള മാസ്റ്റർ പ്ലാൻ സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരുന്നു.

പുതിയ സംരംഭകരെ സഹായിക്കുകയാണ് വീണ്ടും പ്ലാന്റ് തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംരംഭകർക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകും. സ്റ്റീലിന് പുറമെ റബർ, സോളാർ,  ഇലക്ട്രോണിക്സ് മേഖലയിൽ ഉള്ളവർക്കും പരിശീലനം നൽകും. ഇതിനു പുറമെ ഉദ്യോഗസ്ഥർ, വിദ്യാര്‍ഥികള്‍ എന്നിവർക്കും പരിശീലനം നൽകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി 25 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ആറാം തീയതി മുതൽ ആരംഭിച്ചിട്ടുണ്ട്.

click me!