
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാൻഡും വെട്ടിക്കുറച്ച് കേരളത്തെ കേന്ദ്രം ശ്വാസംമുട്ടിക്കുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ചെലവ് ക്രമീകരണങ്ങൾ അടക്കം കടുത്ത ട്രഷറി നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കേരളത്തിന് കേന്ദ്രത്തിന്‍റെ ഇരുട്ടടിയെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിന്റെ പ്രളയ സഹായം കേരളത്തിന് ലഭിച്ചില്ല. സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 4900 കോടി രൂപ വായ്പ കിട്ടേണ്ട സ്ഥാനത്ത് കേന്ദ്രം വച്ചുനീട്ടുന്നത് 1920കോടി മാത്രമാണ്. സംസ്ഥാനത്ത് നികുതി വിഹിതമായി കിട്ടേണ്ട 6800 കോടിയിൽ ഇത്തവണ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പായത് 4524 കോടിയാണ്. 1600കോടി ജിഎസ്ടി നഷ്ട പരിഹാരം ഇനിയും കിട്ടിയിട്ടില്ല. നാലുപാടു നിന്നും കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രത്തിൽ കണ്ണുനട്ടിരിക്കുക്കുന്ന കേരളത്തിന് കേന്ദ്രവിഹിതത്തിൽ എണ്ണായിരം കോടി രൂപയുടെ കുറവാണ് വെല്ലുവിളി. പ്രതിസന്ധി നേരിടാൻ ചെലവുചുരുക്കൽ മാത്രമാണ് പോംവഴി. അതുകൊണ്ട് ട്രഷറി നിയന്ത്രണങ്ങൾ കടുപ്പിക്കും.
വാർഷിക പദ്ധതി വീണ്ടും വെട്ടിക്കുറക്കാനാകുമോയെന്നും ധനവകുപ്പ് പരിശോധിക്കുന്നുണ്ട്. സാമൂഹ്യസുരക്ഷാ പെൻഷന് കമ്പനി വരുമെന്നും വായ്പയെടുത്തും പെൻഷൻ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തെ വീണ്ടും കേരളം സമീപിക്കും. ജിഎസ്ടി വിഹിതത്തിൽ കോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്ന് തത്കാലം പിന്മാറുകയാണ്. ജിഎസ്ടി നിയമത്തിൽ പറയുന്ന പരാതി പരിഹാര സമിതിയിൽ വിഷയം ഉയർത്തി മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ബദൽ നീക്കങ്ങളും കേരളം ആലോചിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.