സുന്ദർ പിച്ചൈക്ക് ശമ്പളം 2389.90 കോടി രൂപ! പക്ഷെ ചില കടമ്പകളുണ്ട്

By Web TeamFirst Published Dec 21, 2019, 8:07 PM IST
Highlights

അടുത്ത മൂന്ന്‌ വർഷത്തിനുള്ളിൽ‌ ഓഹരിവിപണിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കണമെന്നാണ് പിച്ചൈക്ക് മുന്നിലുള്ള പ്രധാന കടമ്പ

ന്യൂയോർക്ക്: ആൽഫബെറ്റ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച സുന്ദർ പിച്ചൈക്ക് വൻ ശമ്പള വർദ്ധനവ്  പ്രഖ്യാപിച്ച് കമ്പനി. വേതനവും ടാർജറ്റും തികച്ചാൽ കിട്ടുന്ന അധിക തുകയുമടക്കം ഏകദേശം 336 ദശലക്ഷം ഡോളറാണ് ഇന്ത്യന്‍ ടെക്ക് ലോകത്തിന്‍റെ അഭിമാനമായ പിച്ചൈയെ കാത്തിരിക്കുന്നത്.

പിച്ചൈയുടെ പ്രതിവർഷ വേതനം 20 ലക്ഷം ഡോളറായി പുതുക്കിയതിന് പുറമെ, ഓഹരി വിപണിയിൽ പ്രതീക്ഷിക്കുന്ന ലക്ഷ്യത്തിലെത്തിയാൽ 240 ദശലക്ഷം ഡോളറും, ഈ ലക്ഷ്യം മറികടന്നാൽ അധികമായി 90 ദശലക്ഷം ഡോളറുമാണ് കമ്പനി
പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന്‌ വർഷത്തിനുള്ളിൽ‌ ഓഹരിവിപണിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കണമെന്നാണ് പിച്ചൈക്ക് മുന്നിലുള്ള കടമ്പ. അങ്ങിനെ വന്നാൽ സമ്മാനം 240 മില്യൺ‌ ഡോളർ‌, അതായത്, 17,07,07,20,000 രൂപ ലഭിക്കും. 2020 മുതൽ ഇദ്ദേഹത്തിന്റെ വേതനം പ്രതിവർഷം രണ്ട് ദശലക്ഷം ഡോളറായിരിക്കും.‌ 1,42,25,60,00 രൂപ. നിലവിലിത് 1.90 ദശലക്ഷം ഡോളറായിരുന്നു.

പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം ആൽഫബെറ്റിന്റെ ഓഹരികളിൽ ഉണ്ടായാൽ പിച്ചൈക്ക്, 6,40,15,20,000 രൂപ (90 ദശലക്ഷം ഡോളർ) വേറെയും കിട്ടും. അതായത്, മൂന്ന് വർഷം കഴിയുമ്പോൾ ഓഹരി വിപണിയിൽ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റം നേടുകയാണെങ്കിൽ പിച്ചൈക്ക് വേതനമടക്കം ലഭിക്കുക 2389.90 കോടി രൂപയ്ക്ക് തുല്യമായ 336 ദശലക്ഷം അമേരിക്കൻ  ഡോളറായിരിക്കും. ഇതാദ്യമായാണ് കമ്പനി പ്രവർത്തനത്തെ ആധാരമാക്കി സ്റ്റോക് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ചുമതലയൊഴിഞ്ഞതോടെയാണ് ഇന്ത്യാക്കാരനും 47കാരനുമായ സുന്ദർ പിച്ചൈയെ തേടി ആൽഫബെറ്റ് ഗ്രൂപ്പിന്‍റെ സ്ഥാനമലങ്കരിക്കാനുള്ള വിളിയെത്തിയത്. പിച്ചൈക്ക് 2016 ൽ 200 ദശലക്ഷം ഡോളർ സ്റ്റോക് അവാർഡായി ലഭിച്ചിരുന്നു. എന്നാൽ സ്ഥാപനത്തിൽ തൊഴിലാളികളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. സുന്ദർ പിച്ചൈക്ക് ഇത്രയധികം പണം എന്തിന് നൽകുന്നുവെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സിലിക്കൺ വാലിയിൽ പല ജീവനക്കാരും ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അവർ പരാതിപ്പെടുന്നു.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ പിച്ചൈ, വളർന്നതും പഠിച്ചതുമെല്ലാം ഇന്ത്യയിൽ തന്നെയായിരുന്നു. പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല, വാർട്ടൺ സ്കൂൾ ഓഫ് യൂണിവേഴ്സിറ്റി പെൻസിൽവാനിയ എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം. 2004 ലാണ് ഇദ്ദേഹം ഗൂഗിളിൽ ജോലിക്ക് ചേർന്നത്.

click me!