ജിയോയ്ക്ക് എന്തിന് ഇളവ്? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

By Web TeamFirst Published Aug 17, 2020, 11:20 PM IST
Highlights

എജിആർ തുകയുടെ കാര്യത്തിൽ സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും കേന്ദ്രസർക്കാർ അത് പാലിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 

ദില്ലി: സ്പെക്ട്രം ലൈസൻസുമായി ബന്ധപ്പെട്ട എജിആർ കുടിശ്ശികയിൽ റിലയൻസ് ജിയോക്ക് മാത്രം എന്തിനാണ് ഇളവ് അനുവദിച്ചതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്രത്തോട് വിശദീകരണം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസിന് ലഭിച്ച സ്പെക്ട്രം ലൈസൻസാണ് ജിയോ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ സ്പെക്ട്രം ലൈസൻസ് പങ്കുവച്ചിട്ടും എജിആർ തുക ജിയോയിൽ നിന്ന് ഈടാക്കേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം.

പാപ്പരത്വ നടപടികളുടെ സമയത്ത് കേന്ദ്രസർക്കാരിലെ ടെലികോം വകുപ്പും കോർപ്പറേറ്റ് അഫയേർസ് വകുപ്പും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചത്. എജിആർ തുകയുടെ കാര്യത്തിൽ സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും കേന്ദ്രസർക്കാർ അത് പാലിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 

ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ് അബ്ദുൾ നസീർ, എംആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. റിലയൻസ് കമ്യൂണിക്കേഷൻസ് അടയ്ക്കേണ്ട കുടിശ്ശികയുടെ ഓരോ വർഷത്തെയും കണക്ക് കോടതിയിൽ സമർപ്പിക്കാൻ ബെഞ്ച് ടെലികോം മന്ത്രാലയത്തിന് നിർദ്ദേശം കൊടുത്തു. കേസ് വാദം കേൾക്കൽ ഓഗസ്റ്റ് 18ലേക്ക് മാറ്റി.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് ജിയോക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കമ്പനി പാപ്പരത്വ നടപടികളുടെ ഭാഗമായിരുന്നില്ലെന്നും റിലയൻസ് കമ്യൂണിക്കേഷൻസിന്റെ സ്പെക്ട്രം തങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും സാൽവേ കോടതിയിൽ വാദിച്ചു.

click me!