മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ ഒരു കൊലപാതകത്തെ തുടർന്നുണ്ടായ സന്ദർശകരുടെ വർദ്ധനവ് 'ഡാർക്ക് ടൂറിസം' എന്ന പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്നു. മരണം, ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ഈ യാത്രകൾ ഒരു ആഗോള വ്യവസായമായി മാറിയതിൻ്റെ കാരണങ്ങളും അതിനുപിന്നിലെ മനഃശാസ്ത്രപരമായ ഘടകങ്ങളും നോക്കാം. 

'സിയ സ്‌പോട്ട് എവിടെയാണ്?'മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ലോഹഗഡ് കോട്ടയിലെത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ ഗൈഡുകളോട് ആദ്യം ചോദിക്കുന്നത് ഇതാണ്. ചരിത്രാന്വേഷികളും ഫോട്ടോഗ്രാഫര്‍മാരും ട്രെക്കിംഗ് പ്രിയരുമെല്ലാം രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ കോട്ടയുടെ മറാഠാ പാരമ്പര്യവും മലമുകളിലെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാനാണ് പണ്ട് എത്തിയിരുന്നത്. എന്നാല്‍ ഈയടുത്ത് ഇവിടേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിയ എന്ന യുവതിയും കാമുകനും ചേര്‍ന്ന് സിയയുടെ പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ ഈ കോട്ടയില്‍ നിന്നും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണിത്. ഈ സംഭവം നടന്ന കൃത്യം സ്ഥലത്ത് നിന്ന് ചിത്രങ്ങളെടുക്കാന്‍ വേണ്ടിയാണ് ആളുകള്‍ ഇപ്പോള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നത്. സന്ദര്‍ശകരുടെ ഈ ഭയാനകമായ കൗതുകം അതിരുവിട്ടതോടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഈ പ്രദേശം താത്കാലികമായി അടച്ചിടേണ്ടി വന്നു.

ഒരു ദുരന്തം നടന്ന വീടോ വഴിയോ കണ്ടാല്‍ ആളുകള്‍ വഴിമാറി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സംഭവിക്കുന്നത് നേരെ തിരിച്ചാണ്. എന്തുകൊണ്ടാണ് ചരിത്രത്തിലെ ഇത്തരം ഇരുണ്ട സംഭവങ്ങളിലേക്ക് ആളുകള്‍ ഇത്രയധികം ആകര്‍ഷിക്കപ്പെടുന്നത്?

'ഡാര്‍ക്ക് ടൂറിസം' എന്ന കോടികളുടെ വ്യവസായം

മരണം, ദുരന്തങ്ങള്‍, യാതനകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകളെ 'ഡാര്‍ക്ക് ടൂറിസം' എന്നാണ് ഗവേഷകരായ ജോണ്‍ ലെന്നനും മാല്‍ക്കം ഫോളിയും അക്കാദമികമായി വിശേഷിപ്പിക്കുന്നത്. ഇതൊരു പുതിയ ഇന്റര്‍നെറ്റ് ട്രെന്‍ഡ് ആണെന്ന് തോന്നാമെങ്കിലും, ഇതിന് വലിയൊരു ചരിത്രമുണ്ട്. 1860-കളില്‍ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത്, യുദ്ധം നടക്കുന്ന സ്ഥലത്തിന് അടുത്തുള്ള കുന്നുകളില്‍ സുരക്ഷിതമായ അകലത്തില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് യുദ്ധക്കാഴ്ചകള്‍ നേരില്‍ കണ്ടിരുന്നവരുണ്ട്.

ഇന്നീ കൗതുകം ആഗോളതലത്തില്‍ തന്നെ വലിയൊരു വ്യവസായമായി മാറിയിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താന്‍ ടൂറിസ്റ്റുകളെ സഹായിക്കുന്ന പ്രത്യേക വെബ്‌സൈറ്റുകള്‍ വരെയുണ്ട്. 2025-ല്‍ ആഗോള ഡാര്‍ക്ക് ടൂറിസം വിപണി 32.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 3.16 ലക്ഷം കോടി രൂപ) ആകുമെന്നാണ് കണക്കാക്കുന്നത്. 2030-കളുടെ തുടക്കത്തില്‍ ഇത് 40 ബില്യണ്‍ ഡോളറായി (4 ലക്ഷം കോടി രൂപ) ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള കണക്കുകള്‍ നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും വലിയ ദുരന്തങ്ങളുടെ പശ്ചാത്തലമുള്ളവയാണ്. 2024-ല്‍ മാത്രം ഇറ്റലിയിലെ പോംപെയ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ തകര്‍ന്ന നഗരം കാണാന്‍ 40 ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. ഇതോടെ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം 20,000 ആയി ചുരുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അമേരിക്കയിലെ 9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയത്തില്‍ ഭീകരാക്രമണം നടന്ന സ്ഥലം കാണാന്‍ ആകെ 1.4 കോടിയിലധികം സന്ദര്‍ശകരെത്തി. ലോകത്തിലാദ്യമായി അണുബോംബ് വര്‍ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ ആദരമര്‍പ്പിക്കാന്‍ 20 ലക്ഷം പേര്‍ എത്തിയപ്പോള്‍, പോളണ്ടിലെ ഓഷ്വിറ്റ്‌സ്- ബിര്‍ക്കനൗ മെമ്മോറിയലിലെ മുന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ 18.3 ലക്ഷം സന്ദര്‍ശകരുണ്ടായി. അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ നാഷണല്‍ മെമ്മോറിയലില്‍ ഏകദേശം 16 ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തിയത്.

ദുരന്തഭൂമികള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

മരണത്തോടുള്ള ക്രൂരമായ ആസക്തി കൊണ്ടാണ് ആളുകള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് പെട്ടെന്ന് തോന്നാം. എന്നാല്‍ കൗതുകം, വൈകാരികമായ ആശ്വാസം, മനുഷ്യന്റെ അതിജീവന വാസന എന്നിവയുടെ സങ്കീര്‍ണ്ണമായ മിശ്രിതമാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. 2025-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെന്നസി നടത്തിയ പഠനപ്രകാരം, മനുഷ്യര്‍ക്ക് സ്വന്തം മരണത്തെക്കുറിച്ച് ശക്തമായ അവബോധമുണ്ട്. ഇതിനെ 'ടെറര്‍ മാനേജ്‌മെന്റ് തിയറി' എന്നാണ് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. സുരക്ഷിതമായ ഒരു ചുറ്റുപാടില്‍ നിന്ന് മരണത്തിന്റെ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ, ഭൂമിയിലെ നമ്മുടെ അസ്ഥിരമായ നിലനില്‍പ്പിനെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുന്നു. മരണത്തെ നേരിട്ട് അഭിമുഖീകരിക്കുന്നത് പലപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ വില മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നു.

ഇതുകൂടാതെ, 2016-ല്‍ നടന്ന ഒരു പഠനം പറയുന്നത് മരണത്തോടുള്ള നേരിട്ടുള്ള താല്പര്യം ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഏറ്റവും ചെറിയ കാരണം മാത്രമാണെന്നാണ്. ഭൂരിഭാഗം ആളുകളും ചരിത്രം പഠിക്കാനും, ഇരകള്‍ക്ക് ആദരമര്‍പ്പിക്കാനും, അതല്ലെങ്കില്‍ ഇത്തരം ഭയാനകമായ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണോ എന്ന് നേരില്‍ കണ്ട് ബോധ്യപ്പെടാനും വേണ്ടിയാണ് ഈ യാത്രകള്‍ ചെയ്യുന്നത് എന്നാണ്.