ട്രംപിന്റെ തീരുവകള്‍ ലോകത്തിന് 1.2 ട്രില്യണ്‍ ഡോളര്‍ അധിക ബാധ്യത വരുത്തും: ഭാരം വഹിക്കേണ്ടത് സാധാരണക്കാര്‍

Published : Oct 21, 2025, 06:39 PM IST
trump

Synopsis

അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പ്രഹരമാണ് ഏല്‍ക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും, വിദേശ കയറ്റുമതിക്കാരാണ് വില നല്‍കുന്നതെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം

ഡോണള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ വ്യാപാര നയങ്ങളുടെ ഭാഗമായുള്ള തീരുവകള്‍ 2025-ല്‍ ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് 1.2 ട്രില്യണ്‍ ഡോളറോളം (ഏകദേശം 100 ലക്ഷം കോടി രൂപ) അധികം ചെലവ് വരുത്തുമെന്ന് പുതിയ പഠനം. ഈ ഭീമമായ അധികച്ചെലവിന്റെ ഭൂരിഭാഗവും വഹിക്കേണ്ടി വരുന്നത് കമ്പനികളല്ല, മറിച്ച് സാധാരണ ഉപഭോക്താക്കളായിരിക്കും എന്നും എസ്&പി ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, തീരുവച്ചെലവിന്റെ മൂന്നിലൊന്ന് മാത്രമാണ് ബിസിനസ്സുകള്‍ വഹിക്കുന്നത്. ബാക്കിയുള്ള മൂന്നില്‍ രണ്ട് ഭാഗവും ഉപഭോക്താക്കളുടെ ചുമലിലാണ്. ഉല്‍പ്പാദനം കുറയുന്നതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നതിനാല്‍, ഉപഭോക്താക്കള്‍ക്കുള്ള യഥാര്‍ത്ഥ ബാധ്യത റിപ്പോര്‍ട്ടില്‍ പറയുന്നതിലും കൂടുതലായിരിക്കാമെന്നും എസ്&പി മുന്നറിയിപ്പ് നല്‍കുന്നു.

ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍

അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പ്രഹരമാണ് ഏല്‍ക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും, വിദേശ കയറ്റുമതിക്കാരാണ് വില നല്‍കുന്നതെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. അതേസമയം ഗോള്‍ഡ്മാന്‍ സാക്ക്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതിന് കടകവിരുദ്ധമാണ്. യുഎസ് ഉപഭോക്താക്കളാണ് നിലവില്‍ തീരുവച്ചെലവിന്റെ 55% വരെ വഹിക്കുന്നതെന്നും ഇത് ഇനിയും വര്‍ദ്ധിക്കുമെന്നും ഗോള്‍ഡ്മാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍ണിച്ചര്‍, അടുക്കള കാബിനറ്റുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവകള്‍ വന്നാല്‍ ഉപഭോക്താക്കളുടെ ഭാരം 70% വരെ ഉയരുമെന്നും ഗോള്‍ഡ്മാന്‍ സാക്ക്്‌സ് കണക്കാക്കുന്നു.

പണപ്പെരുപ്പത്തില്‍ വര്‍ദ്ധന; ലാഭത്തില്‍ ഇടിവ്

തീരുവ കാരണം പണപ്പെരുപ്പനിരക്കില്‍ 0.44% വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും ഭാവിയിലെ നയങ്ങള്‍ അനുസരിച്ച് ഇത് 0.6% വരെ ഉയരാമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് അഭിപ്രായപ്പെട്ടു. എസ്&പി റിപ്പോര്‍ട്ട് അനുസരിച്ച്, തീരുവകള്‍ കാരണം ഈ വര്‍ഷം കമ്പനികളുടെ ലാഭത്തില്‍ 64 ബേസിസ് പോയിന്റിന്റെ ഇടിവുണ്ടാകും. 2026-ല്‍ 28 ബേസിസ് പോയിന്റും 2027-2028-ഓടെ 8-10 ബേസിസ് പോയിന്റും എന്ന കണക്കില്‍ നേരിയ പുരോഗതി നേടുമെന്നും വിദഗ്ധര്‍ കരുതുന്നു.

ട്രംപിന്റെ തീരുവകള്‍ക്കെതിരായ കേസ് നവംബര്‍ 5-ന് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. അതേ സമയം സെപ്റ്റംബറില്‍ മാത്രം അമേരിക്കയുടെ തീരുവ വരുമാനം 31 ബില്യണ്‍ ഡോളറിലധികം ആയി ഉയര്‍ന്നു. വര്‍ഷം മുഴുവന്‍ ലഭിച്ച വരുമാനം 215 ബില്യണ്‍ ഡോളര്‍ കടന്നു. ഈ വരുമാനം ഉപയോഗിച്ച് റിബേറ്റുകള്‍, സബ്സിഡികള്‍, ഭക്ഷ്യസഹായ പരിപാടികള്‍ക്കുള്ള ഫണ്ടിംഗ് എന്നിവ നല്‍കാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം