എയർ ഇന്ത്യയെ അടിമുടി പരിഷ്കരിക്കാൻ ടാറ്റ, ടിസിഎസിന് ചുമതല; ജീവനക്കാരുടെ ആശങ്ക പരിഹരിക്കുമെന്നും കമ്പനി

Published : Oct 09, 2021, 02:01 PM IST
എയർ ഇന്ത്യയെ അടിമുടി പരിഷ്കരിക്കാൻ ടാറ്റ, ടിസിഎസിന് ചുമതല; ജീവനക്കാരുടെ ആശങ്ക പരിഹരിക്കുമെന്നും കമ്പനി

Synopsis

എയർ ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്തതിന് പിന്നാലെ മുഖം മിനുക്കൽ നടപടികളിലേക്ക് കടക്കാനാണ് ടാറ്റയുടെ തീരുമാനം

ദില്ലി: എയർ ഇന്ത്യ മാനേജ്മെന്റ് (Air India Management) പുതിയ ഉടമകളായ ടാറ്റ (TATA) പുനസംഘടിപ്പിക്കും. പുതിയ സിഇഒയെ (CEO) അടക്കം നിയമിച്ച് കമ്പനിയുടെ മുഖം മാറ്റാനാണ് ടാറ്റയുടെ നീക്കം. ഇതിനായി ടിസിഎസിന്റെ (TCS) സേവനം തേടാൻ ടാറ്റ ഗ്രൂപ്പ് (TATA group) തീരുമാനിച്ചു. ജീവനക്കാരുടെ ജോലി സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ നടപടികളുണ്ടാകുമെന്ന് ടാറ്റ വ്യക്തമാക്കി. 

എയർ ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്തതിന് പിന്നാലെ മുഖം മിനുക്കൽ നടപടികളിലേക്ക് കടക്കാനാണ് ടാറ്റയുടെ തീരുമാനം. എയർ ഇന്ത്യയുടെ പഴയ സംവിധാനം പൊളിച്ച് ഒരു കോർപറേറ്റ് റീസ്ട്രക്ചറിങ് നടത്താനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. ഇതിനായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സേവനം തേടും.  

നിലവിലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കൽ, പഴയ വിമാനങ്ങളുടെ മാറ്റം, ജീവനക്കാർക്കുള്ള ഫ്രീ പാസ് വെട്ടിച്ചുരുക്കൽ, പുതിയ റൂട്ടുകൾ കണ്ടെത്തൽ, വിമാനങ്ങളുടെ പരിപാലനത്തിലെ അധിക ചെലവുകൾ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ടിസിഎസ് സഹായത്തോടെ മാർഗ്ഗരേഖയുണ്ടാക്കും. നിലവിൽ എയർ ഏഷ്യയുടെ പങ്കാളിത്തതോടെ ടാറ്റ സൺസ് നടത്തുന്ന വിസ്താര വിമാന കമ്പനിയെ എയർ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള നീക്കവുമുണ്ട്.

ഒരു വർഷം കഴിഞ്ഞേ ലയനത്തിലേക്ക് കടക്കൂ. തൊഴിൽ സുരക്ഷ സംബന്ധിച്ച് ജീവനക്കാർക്ക് വലിയ ആശങ്കയുണ്ട്. കരാർ പ്രകാരം ആദ്യത്തെ ഒരു വർഷം ജീവനക്കാരെ ടാറ്റയ്ക്ക് പിരിച്ചുവിടാനാകില്ല. രണ്ടാം വർഷം മുതൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ സ്വയം വിരമിക്കലിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും നിബന്ധനയുണ്ട്. ജീവനക്കാരുടെ പ്രകടന നിലവാരം മാനദണ്ഡമാക്കി ഇതിൽ തീരുമാനമെടുക്കാനാണ് നീക്കം. നിലവിൽ 12085 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുണ്ട്. 

രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയെ പൂർണ്ണമായി സ്വകാര്യവൽക്കരിച്ചതോടെ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ, ഹജ്ജ് സർവ്വീസ് എന്നിവയ്ക്ക് ഇനി എയർ ഇന്ത്യയ്ക്ക് പകരം ആരെ ആശ്രയിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനായി സ്വകാര്യ വിമാനക്കമ്പനികളുമായി കരാറിലേർപ്പെടാനുള്ള തീരുമാനം കേന്ദ്രസർക്കാർ വൈകാതെ സ്വീകരിക്കുമെന്നാണ് ഇപ്പോൾ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ