കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതി കുറച്ചു, ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതിയില്ല, വാക്സീന് നികുതി തുടരും

By Web TeamFirst Published Jun 12, 2021, 3:59 PM IST
Highlights

പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു. 

ദില്ലി: കൊവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിൻ്റേയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമൻ്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോ​ഗത്തിലാണ് കൊവിഡ് പ്രതിരോധ സമ​ഗ്രഹികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധസാമ​ഗ്രഹികളുടെ നികുതി പുനക്രമീകരിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് ഇന്നത്തെ ജിഎസ്ടി യോ​ഗം ചേ‍ർന്നതെന്ന് ധനമന്ത്രി നി‍ർമ്മലാ സീതാരാമൻ പറഞ്ഞു. 

പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു. അതേസമയം കൊവിഡ് പ്രതിരോധ വാക്സിനുള്ള ജിഎസ്ടിയിൽ മാറ്റമില്ല. മുൻനിശ്ചയിച്ച അഞ്ച് ശതമാനം നികുതി കൊവിഡ് വാക്സിന് നൽകേണ്ടി വരും. 

അതേസമയം കൊവിഡ് പ്രതിരോധസാമ​ഗ്രഹികൾക്ക് ഏ‍ർപ്പെടുത്തിയ നികുതി സെപ്തംബ‍ർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി.  ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തത്കാലം നികുതിയുണ്ടാവില്ല. വൈദ്യ ആവശ്യത്തിനുള്ള ഓക്സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.

സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഡ് വാക്സീൻ്റെ നികുതി കുറയ്ക്കണമെന്ന് കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടു. ആർടിപിസിആർ മെഷീൻ്റെ നികുതിയും കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ ചൂണ്ടിക്കാട്ടി. മാസ്ക്, സാനിറ്റൈസ‍ർ എന്നിവയുടെ നികുതിയും പൂജ്യമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള ശ്രമത്തിൻ്റെ വിജയമാണ് നികുതി കുറവെന്ന്  കേരള ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ പറഞ്ഞു. 
 

click me!