ടെലികോം നിരക്ക് വർധന: ഒറ്റനോട്ടത്തിൽ കാണാത്ത 'കുഴികൾ' ഇവ

By Web TeamFirst Published Nov 30, 2021, 9:10 PM IST
Highlights

പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും

തിരുവനന്തപുരം: ടെലികോം കമ്പനികൾ നിരക്ക് വർദ്ധന ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കൽ റീചാർജ് ചെയ്യണമെന്നതാണ് ഇതിൽ പ്രധാനം. ഉയർന്ന പ്ലാനുകളിൽ നിരക്ക് കൂടുന്നതിനൊപ്പം ഡാറ്റ കുറയുകയും ചെയ്യുന്നുണ്ട്.

രാജ്യത്ത് പോസ്റ്റ്പെയ്‌ഡ് ഉപഭോക്താക്കളെക്കാളും അധികമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. മൊബൈൽ സേവനദാതാക്കൾ പ്രീപെയ്ഡ് സേവനം ആദ്യമായി അവതരിപ്പിച്ചപ്പോൾ 30 ദിവസമായിരുന്നു ഓരോ പ്ലാനിന്റെയും കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഓരോ പ്ലാനിന്റെയും കാലാവധി 30 ൽ നിന്ന് 28 ദിവസമാക്കി. 12 മാസത്തിനിടെ 13 തവണ ഉപഭോക്താവ് പ്ലാൻ റീചാർജ് ചെയ്യേണ്ടി വരും. ഒരു മാസത്തെ പണം ടെലികോം കമ്പനിക്ക് അധികമായി കിട്ടി. പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും.

ഇതിന് പുറമെ ഉയർന്ന പ്ലാനുകളിൽ നൽകിയിരുന്ന ഡബിൾ ഡാറ്റ ഓഫറും നിരക്ക് വർദ്ധനയോടെ കമ്പനികൾ റദ്ദാക്കി. ഡബിൾ ഡാറ്റ പ്ലാനുകളിൽ നാല് ജിബി ഡാറ്റ നൽകിയിരുന്നു. നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഓഫർ പിൻവലിച്ച് രണ്ട് ജിബി ഡാറ്റയാക്കി ചുരുക്കി. നേരത്തെ നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്താൽ സിം വാലിഡിറ്റി കൂടെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴതില്ല. ചില സേവനദാതാക്കൾക്ക് വാലിഡിറ്റിയ്ക്കായി മറ്റൊരു റീചാർജ് കൂടി ചെയ്യേണ്ട സ്ഥിതിയാണ്. ഡാറ്റയ്ക്ക് ഒരു പ്ലാൻ, കോൾ വിളിക്കാൻ മറ്റൊരു പ്ലാൻ എന്നിങ്ങനെയും വേണം. എല്ലാം കൂടി ചേർത്തുള്ള പ്ലാനുകൾ ചെയ്താൽ ഉപഭോക്താവിന്റെ ആവശ്യത്തിനുള്ള ഡാറ്റയും കോൾ സമയവും ലഭിക്കാത്ത നിലയുമാണ്.

click me!