ജോലി മാറുമ്പോള്‍ എസ്‌ഐപി മുടക്കുന്നുണ്ടോ? സൂക്ഷിക്കുക, സമ്പാദ്യത്തിന് ഇത് വന്‍ തിരിച്ചടിയാകും!

Published : Feb 09, 2026, 05:48 PM IST
SIP Investment

Synopsis

ജോലി മാറുമ്പോഴോ വരുമാനം തടസ്സപ്പെടുമ്പോഴോ നിക്ഷേപം തകരാതിരിക്കാന്‍ ഈ വഴികള്‍ സ്വീകരിക്കാം 

 

ഒരു നല്ല തുടക്കം പകുതി വിജയമാണെന്ന് പറയാറുണ്ട്. എന്നാല്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ തുടക്കം നന്നായതുകൊണ്ട് മാത്രം കാര്യമായില്ല, അത് മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് യഥാര്‍ത്ഥ വിജയം. പലപ്പോഴും ജോലി മാറുന്ന സമയത്തോ വരുമാനത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകുമ്പോഴോ നമ്മള്‍ ആദ്യം ചെയ്യുന്നത് എസ്.ഐ.പി നിര്‍ത്തലാക്കുക എന്നതാണ്. ഇത് സാമ്പത്തിക അച്ചടക്കമാണെന്ന് നമുക്ക് തോന്നാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിങ്ങളുടെ സമ്പാദ്യത്തിന് വലിയൊരു 'കെണിയായി' മാറും.

പതറുന്നത് വിപണിയല്ല, ശീലമാണ് എസ്‌ഐപി എന്നത് വെറുമൊരു നിക്ഷേപ പദ്ധതിയല്ല, അതൊരു ശീലമാണ്. വിപണിയിലെ കയറ്റിറക്കങ്ങളെക്കാള്‍ ഉപരിയായി നിക്ഷേപ ശീലത്തെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ഒരിക്കല്‍ ഈ ശീലം മുടങ്ങിയാല്‍, പിന്നീട് അത് പുനരാരംഭിക്കുക എന്നത് വലിയൊരു വെല്ലുവിളിയായി മാറും. ജോലി മാറുമ്പോഴുണ്ടാകുന്ന അനിശ്ചിതാവസ്ഥയില്‍ 'സുരക്ഷിതത്വം' മുന്‍നിര്‍ത്തിയാണ് പലരും എസ്‌ഐപി നിര്‍ത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്, പ്രതിസന്ധികളില്‍ തുണയ്‌ക്കേണ്ട ഒരു സംവിധാനത്തെ തകര്‍ക്കുകയാണ്.

മൂന്ന് പ്രധാന ഭീഷണികള്‍

1. മടി: പഴയ തുക നിക്ഷേപിക്കാന്‍ പിന്നീട് മനസ്സ് അനുവദിക്കില്ല. തുക കുറയ്ക്കണോ അതോ അടുത്ത മാസം തുടങ്ങണോ എന്നൊക്കെയുള്ള ആശയക്കുഴപ്പങ്ങള്‍ പിന്തിരിപ്പിക്കും. 2. ആത്മവിശ്വാസം കുറയുന്നു: വരുമാനം തിരികെ വന്നാലും നിക്ഷേപിക്കാന്‍ ഒരു പേടി തോന്നും. 3. വിപണിയിലെ വിലക്കയറ്റം: നിക്ഷേപം നിര്‍ത്തി കുറച്ചു കാലം കഴിയുമ്പോള്‍ വിപണി ഉയര്‍ന്നിട്ടുണ്ടാകും. അപ്പോള്‍ 'ഇനിയിപ്പോള്‍ ഇറങ്ങിയാല്‍ നഷ്ടമാകുമോ' എന്ന ഭയം വീണ്ടും കാത്തിരിക്കാന്‍ പ്രേരിപ്പിക്കും.

ഒരു മാസത്തെ ഇടവേള വരുത്തുന്ന വലിയ നഷ്ടം

എസ്‌ഐപി നിര്‍ത്തുന്നത് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതുപോലെ പെട്ടെന്ന് അനുഭവപ്പെടില്ല. എന്നാല്‍ 'കോമ്പൗണ്ടിംഗ്' എന്ന മാന്ത്രികശക്തി അവിടെ നിലച്ചുപോകുന്നു. ഇതിന്റെ നേട്ടം മനസ്സിലാക്കാന്‍ താഴെ പറയുന്ന കണക്ക് നോക്കുക: പത്ത് വര്‍ഷത്തെ കാലയളവില്‍ ഓരോ വര്‍ഷവും വെറും ഒരു മാസത്തെ എസ്‌ഐപി (ഉദാഹരണത്തിന് 20,000 രൂപ) നിങ്ങള്‍ മുടക്കുന്നു എന്ന് കരുതുക. 10 വര്‍ഷം കൊണ്ട് നിങ്ങള്‍ നിക്ഷേപിക്കാത്തത് 2 ലക്ഷം രൂപ മാത്രമായിരിക്കും. എന്നാല്‍ 12% വാര്‍ഷിക വളര്‍ച്ച കണക്കാക്കിയാല്‍, അടുത്ത 20-25 വര്‍ഷത്തിനുള്ളില്‍ 35 ലക്ഷം രൂപയുടെ വലിയൊരു നഷ്ടമാണ് ഇത് വരുത്തിവെക്കുന്നത്. നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്ന പണമാണ് പില്‍ക്കാലത്ത് വലിയ സമ്പാദ്യമായി മാറുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം മുടങ്ങുന്ന ഓരോ മാസവും വലിയൊരു തുകയാണ് ഇല്ലാതാകുന്നത്.

പരിഹാരങ്ങള്‍ എന്തെല്ലാം?

ജോലി മാറുമ്പോഴോ വരുമാനം തടസ്സപ്പെടുമ്പോഴോ നിക്ഷേപം തകരാതിരിക്കാന്‍ ഈ വഴികള്‍ സ്വീകരിക്കാം: നിക്ഷേപം കുറയ്ക്കുക, നിര്‍ത്തരുത്: വരുമാനം കുറഞ്ഞാല്‍ എസ്‌ഐപി പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് പകരം തുക കുറയ്ക്കുക. ചെറിയ തുകയാണെങ്കിലും നിക്ഷേപം തുടരുന്നത് നിക്ഷേപം നിലനിര്‍ത്താന്‍ സഹായിക്കും. പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് കുറഞ്ഞ തുകയില്‍ നിന്ന് പഴയ തുകയിലേക്ക് മാറുന്നത്.

എമര്‍ജന്‍സി ഫണ്ട് കരുതുക: പെട്ടെന്നുണ്ടാകുന്ന ജോലി മാറ്റങ്ങളോ വരുമാന തടസ്സങ്ങളോ നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് കരുതുക. ഇത് ദീര്‍ഘകാല നിക്ഷേപങ്ങളെ ബാധിക്കാതെ സംരക്ഷിക്കും.

ഓട്ടോമേഷന്‍ വഴി തുടരുക: മാസത്തില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തനിയെ ഡെബിറ്റ് ആകുന്ന രീതിയില്‍ ക്രമീകരിക്കുക. ഓരോ മാസവും പണമടയ്ക്കാന്‍ പ്രത്യേക തീരുമാനം എടുക്കേണ്ടി വരുന്നത് ഒഴിവാക്കാം.

തിയതി നിശ്ചയിക്കുക: നിര്‍ബന്ധിത സാഹചര്യത്തില്‍ എസ്‌ഐപി നിര്‍ത്തേണ്ടി വന്നാല്‍, അത് എന്ന് പുനരാരംഭിക്കും എന്ന കൃത്യമായ തിയതി കലണ്ടറില്‍ കുറിച്ചു വെക്കുക.

സാമ്പത്തിക അനിശ്ചിതാവസ്ഥ താല്‍ക്കാലികമാണ്, എന്നാല്‍ അത് ദീര്‍ഘകാല ലക്ഷ്യങ്ങളെ സ്ഥിരമായി ബാധിക്കാന്‍ അനുവദിക്കരുത്. മുടങ്ങിയ നിക്ഷേപത്തേക്കാള്‍ വലിയ നഷ്ടം നഷ്ടപ്പെട്ട കാലമാണ്. കാരണം, സമയം ഒരിക്കലും തിരിച്ചു വരില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ യുഎസ് വ്യാപാരക്കരാർ: തീരുവ കുറച്ചത് ആയുഷിന് നേട്ടം, കയറ്റുമതി ഉയരുമെന്ന് ലാൽ ഹിംഗോറാണി
ഓട്ടോമൊബൈൽ ഹബ്ബായി തമിഴ്‌നാട്; ആറ് മാസത്തിനിടെ രണ്ടാമത്തെ കാർ ഫാക്ടറി