ട്രംപിന്റെ തീരുവപ്പേടിയിൽ ലോകം; നമ്മളെയങ്ങനെ ബാധിക്കും?

Published : Aug 01, 2025, 03:15 PM IST
trump sad

Synopsis

ഇന്ത്യക്ക് മേല്‍ ചുമത്തിയത് 25 ശതമാനം തീരുവയാണ്. ട്രംപിന്റെ ഈ നികുതി ഇന്ത്യയെ എങ്ങനെ ബാധിക്കും. നമുക്ക് നോക്കാം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ നിലവില്‍ വന്നു. ആഗോള തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ വഴി വെച്ച വിഷയമാണിത്. 10 ശതമാനം മുതല്‍ 41 ശതമാനം വരെ അധിക തീരുവയാണ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയത്. ഇന്ത്യക്ക് മേല്‍ ചുമത്തിയത് 25 ശതമാനം തീരുവയാണ്. ട്രംപിന്റെ ഈ നികുതി ഇന്ത്യയെ എങ്ങനെ ബാധിക്കും. നമുക്ക് നോക്കാം.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 186 ബില്യണ്‍ യുഎസ് ഡോളറിലെത്തി. യുഎസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത് 86.5 ബില്യണ്‍ ഡോളറിന്റെ സേവനങ്ങളും, സാധന സാമഗ്രികളുമാണ്. അതേസമയം യുഎസില്‍ നിന്നുള്ള ഇറക്കുമതി മൂല്യം 45.3 ബില്യണ്‍ ഡോളറായിരുന്നു. സര്‍വ്വീസ് സെക്ടറില്‍ മാത്രം, ഇന്ത്യ യുഎസിലേക്ക് ഏകദേശം 28.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ചെയ്തു. അതേ സമയം, ഇറക്കുമതി ചെയ്തത് 25.5 ബില്യണ്‍ ഡോളറിന്റെ സേവനങ്ങളും, സാധന സാമഗ്രികളുമാണ്.

ഔഷധ നിര്‍മാണം, മൊബൈല്‍ പാര്‍ട്‌സ് നെറ്റ്വര്‍ക്കിങ് ഗിയര്‍ പോലുള്ള ടെലികോം ഉപകരണങ്ങള്‍, കട്ട് ഡയമണ്ട്, സംസ്‌കരിച്ച ഇന്ധനം, വാഹങ്ങള്‍, വാഹന യന്ത്ര ഭാഗങ്ങള്‍, സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹ ആഭരണങ്ങളും, കോട്ടണ്‍ തുണിത്തരങ്ങള്‍, ഇരുമ്പുരുക്ക് വസ്തുക്കള്‍ എന്നിവയാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന പ്രധാനപ്പെട്ട സാധനങ്ങള്‍. ക്രൂഡ് ഓയില്‍, എല്‍എന്‍ജി പോലെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍, കല്‍ക്കരി, പോളിഷ് ചെയ്ത ഡയമണ്ട്, ഇലക്ട്രിക് മെഷിനറികള്‍, വിമാന, ബഹിരകാശ വാഹന യന്ത്ര ഭാഗങ്ങള്‍, സ്വര്‍ണം എന്നിവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ടവ.

അധിക തീരുവകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ സാധനങ്ങളുടെയും സേവനങ്ങളുടെയുമെല്ലാം വില വര്‍ധിക്കും. ഒറ്റയടിക്ക് വില വന്‍തോതില്‍ കൂടിയാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് കുറയാന്‍ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങള്‍ ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സാധാരണ വിപണി വിലയുമായി ഇതിനെത്ര വ്യത്യാസം വരുമെന്നതിനനുസരിച്ച് ഇതിന്റെ പ്രശ്‌നസാധ്യത വ്യത്യാസപ്പെടും. തീവ്ര തൊഴില്‍ മേഖലയെ (ലേബര്‍ ഇന്റെന്‍സീവ് സെക്ടര്‍) ആണ് ഈ മാറ്റം ഏറ്റവും ബാധിക്കുക എന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഇതില്‍ത്തന്നെ, തുണിത്തരങ്ങള്‍, തുകല്‍-തുകലിതര ചെരിപ്പുകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, കാര്‍പ്പെറ്റ്, കരകൗശല വസ്തുക്കള്‍ തുടങ്ങിയ മേഖലകള്‍ വലിയ രീതിയില്‍ പാടുപെടും. അതായത് ഇനി ഇന്ത്യയുടെ ഇത്തരം കയറ്റുമതി വസ്തുക്കള്‍ മത്സരിക്കുക താരതമ്യേന തീരുവ നിരക്ക് കുറവുള്ള ബംഗ്ലാദേശ്, വിയറ്റ്‌നാം, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും. ഇത് നമുക്ക് വലിയ തിരിച്ചടിയുണ്ടാക്കിയേക്കാം.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ടെലികോം ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനമാണ് താരിഫ് ചുമത്തുന്നത്. കട്ട് ഡയമണ്ടുകളും സ്വര്‍ണ്ണവും രത്‌നങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ചുണ്ടാക്കുന്ന ആഭരണങ്ങള്‍ക്ക് 30 മുതല്‍ 38.5 ശതമാനം വരെ സംയുക്ത തീരുവ ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 5 മുതല്‍ 13.5 ശതമാനം വരെ ആയിരുന്നു. 14 മുതല്‍ 15 ശതമാനം വരെയാണ് ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന തീരുവ. ഇനി അത് 29 മുതല്‍ 30 ശതമാനം വരെ ആയിരിക്കും. വസ്ത്രങ്ങളുടെ കയറ്റുമതിക്ക് നിലവിലുള്ള താരിഫ് 12 ശതമാനമാണ്. അതിന് ഇനി 25 ശതമാനം താരിഫും, സംയുക്ത തീരുവ 37 ശതമാനവുമായിരിക്കും. പിഴ ചുമത്തുന്നതിനനുസരിച്ച് ഈ നിരക്കുകളില്‍ ഇനിയും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്.

ട്രംപിന്റെ ഈ തീരുവയുടെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന രാജ്യം സിറിയയാണ്. 41 ശതമാനം അധിക തീരുവയാണ് സിറിയക്ക് മേല്‍ ചുമത്തിയത്. യുഎസുമായി വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നായിരുന്നിട്ടും, ഇന്ത്യയ്ക്ക് ഇളവുകള്‍ ലഭിച്ചില്ല. പ്രധാനമന്ത്രി മോദിക്കെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. താരിഫ് 25 ശതമാനം കവിയുകയാണെങ്കില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 10 ശതമാനത്തെ ഇത് ബാധിക്കുമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ നികുതി തന്ത്രം മറ്റ് രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം