കഴിഞ്ഞ വർഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകൾ

By Web TeamFirst Published May 23, 2022, 4:50 PM IST
Highlights
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021--22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262  നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021--22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262  നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി. രേഖകൾ ഇല്ലാതെയും, അപൂർണ്ണവും , തെറ്റായതുമായ  വിവരങ്ങൾ അടങ്ങിയ  രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ  ഇതുവഴി സർക്കാരിന് ലഭിച്ചു.

വിവിധ ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ പരിശോധനകളും, സംസ്ഥാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവൈലെൻസ് സ്ക്വാഡുകളുടെ പരിശോധനയും,  കൂടാതെ   പാഴ്സൽ ഏജൻസികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും  നടത്തിയ  പരിശോധനകളുടെ  അടിസ്ഥാനത്തിലാണ് ഇത്രയും കേസുകൾ പിടികൂടിയത്.

ജിഎസ്ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2881 ടെസ്റ്റ് പർച്ചേസുകളാണ്  നടത്തിയത് .  ക്രമക്കേടുകൾ കണ്ടെത്തിയ 1468 സ്ഥാപനങ്ങൾക്കെതിരെ  കേസ് എടുക്കുകയും, 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്ക് സേവന നികുതി നിയമം നിലവിൽ വന്നതിന് ശേഷം  ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ ഇത്രയധികം  ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത്. ഈ സാമ്പത്തിക വർഷവും  ഇത്തരത്തിൽ  പരിശോധന   തുടരാൻ  സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഇന്റലിജൻസ് സ്‌ക്വാഡുകൾ നടത്തിയ രഹസ്യ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 154 കട പരിശോധനകളും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ  നടത്തി. ഇതേ തുടർന്ന് എടുത്ത  84 കേസുകളിൽ നിന്ന് 15.37 കോടി രൂപ സർക്കാരിന് ലഭിച്ചു. ബിസിനസ്സ് ഇന്റലിജൻസ് ആൻഡ് ഫ്രോഡ് അനലിറ്റിക്‌സ്, അനലിറ്റിക്‌സ് ഇൻസൈറ്റ് റിപ്പോർട്ട് തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ബിനാമി രജിസ്‌ട്രേഷൻ,  ബിൽ ട്രേഡിങ്, സർക്കുലർ ട്രേഡിങ്ങ്, വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള വെട്ടിപ്പുകൾ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ പറഞ്ഞു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ കേൽക്കർ  ഐഎഎസ്, സ്പെഷ്യൽ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ  ഐഎഎസ്, എന്നിവരുടെ നേതൃത്ത്വത്തിൽ, കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇന്റലിജൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്.

click me!