
കാലാവധി കഴിഞ്ഞിട്ടും മൂന്ന് വര്‍ഷമായി പുതുക്കുകയോ ക്ലോസ് ചെയ്യുകയോ ചെയ്യാത്ത ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. ഇത് വര്‍ഷത്തില്‍ രണ്ട് തവണയായി നടപ്പാക്കാനാണ് പുതിയ നിര്‍ദ്ദേശം.
ഏതൊക്കെ അക്കൗണ്ടുകളാണ് മരവിപ്പിക്കുക?
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD), മന്ത്ലി ഇന്‍കം സ്‌കീം (MIS), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), കിസാന്‍ വികാസ് പത്ര (KVP), റിക്കറിംഗ് ഡെപ്പോസിറ്റ് (RD), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകളാണ് ഈ നിയമത്തിന് കീഴില്‍ വരുന്നത്.
അക്കൗണ്ട് മരവിപ്പിച്ചാല്‍ എന്ത് സംഭവിക്കും?
ഒരിക്കല്‍ അക്കൗണ്ട് മരവിപ്പിച്ചാല്‍ പിന്നെ പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ല. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കും.നിക്ഷേപകരുടെ പണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഈ മരവിപ്പിക്കല്‍ നടപടി വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. എല്ലാ വര്‍ഷവും ജൂലൈ 1, ജനുവരി 1 തീയതികളില്‍ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും. അതായത്, ജൂണ്‍ 30-നും ഡിസംബര്‍ 31-നും കാലാവധി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം പിന്നിടുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കും.
അക്കൗണ്ട് എങ്ങനെ പുനരുജ്ജീവിപ്പിക്കാം?
മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ താഴെ പറയുന്ന രേഖകളുമായി അക്കൗണ്ട് ഉടമ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം:
* മരവിപ്പിച്ച അക്കൗണ്ടിന്റെ പാസ്ബുക്ക് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്. * മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് പോലുള്ള കെവൈസി രേഖകള്‍. * അക്കൗണ്ട് ക്ലോഷര്‍ ഫോം (SB-7A). ഈ ഫോമിനൊപ്പം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് നമ്പറോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒരു കാന്‍സല്‍ ചെയ്ത ചെക്ക്/പാസ്ബുക്കിന്റെ കോപ്പി എന്നിവയും നല്‍കണം. ഇത് കാലാവധി പൂര്‍ത്തിയായ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതിന് സഹായിക്കും.
നിങ്ങളുടെ വിവരങ്ങളും ഒപ്പും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് പുനരുജ്ജീവിപ്പിക്കും. തുടര്‍ന്ന്, കാലാവധി പൂര്‍ത്തിയായ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ഇസിഎസ് വഴി ലഭിക്കും.