വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ 25% വരെ ഉയരാൻ സാധ്യത, ചര്‍ച്ചകളുമായി കേന്ദ്രം

Published : Jun 07, 2025, 02:41 PM IST
Vehicle Insurance

Synopsis

ചില പ്രത്യേക വാഹന വിഭാഗങ്ങള്‍ക്ക് 20-25% വരെ വര്‍ദ്ധനവ് വന്നേക്കാം.

വാഹനത്തിന്റെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടാന്‍ സാധ്യതയെന്ന് സൂചന. 25% വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശകള്‍ പരിശോധിക്കുകയാണ്. ശരാശരി 18% വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക വാഹന വിഭാഗങ്ങള്‍ക്ക് 20-25% വരെ വര്‍ദ്ധനവ് വന്നേക്കാം. രണ്ടാഴ്ചയോ മൂന്നാഴ്ചയോ ഉള്ളില്‍ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം, സാധാരണ നടപടിക്രമം അനുസരിച്ച് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഒരു കരട് വിജ്ഞാപനം പുറത്തിറക്കും.

എന്തുകൊണ്ട് വര്‍ധന?

വാഹന അപകടങ്ങളില്‍ മൂന്നാമതൊരാള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. മോട്ടോര്‍ വാഹന നിയമപ്രകാരം ഇത് നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ ഇന്‍ഷുറന്‍സിന്റെ പ്രീമിയം വര്‍ദ്ധിപ്പിച്ചിട്ടില്ല. അതേസമയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ വിഭാഗത്തില്‍ വലിയ നഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍, കോടതികള്‍ അനുവദിക്കുന്ന വലിയ നഷ്ടപരിഹാര തുകകള്‍, ഇന്ത്യന്‍ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നത് എന്നിവയെല്ലാം ഈ നഷ്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇന്‍ഷുറന്‍സ് കമ്പനികളുടെ നഷ്ടം കൂടുന്നു

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിമുകളായി തിരികെ നല്‍കേണ്ടി വരുന്ന പ്രീമിയത്തിന്റെ ശതമാനമാണ് 'ലോസ് റേഷ്യോ'. ഈ നിരക്ക് സമീപ വര്‍ഷങ്ങളില്‍ വളരെ ഉയര്‍ന്ന നിലയിലാണ്. ചില കമ്പനികളുടെ ലോസ് റേഷ്യോ ഇങ്ങനെയാണ്.

ന്യൂ ഇന്ത്യ അഷ്വറന്‍സ് (പൊതുമേഖല): 2025 സാമ്പത്തിക വര്‍ഷത്തില്‍ 108% ഗോ ഡിജിറ്റ് (സ്വകാര്യ ഇന്‍ഷുറന്‍സ്): 69% ഐസിഐസിഐ ലോംബാര്‍ഡ്: 64.2%

2025 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ഏകദേശം 60 ശതമാനവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആയിരുന്നു. ഇത് പൊതു ഇന്‍ഷുറന്‍സ് മേഖലയുടെ മൊത്തം പ്രീമിയം വരുമാനത്തിന്റെ 19% വരും. അതിനാല്‍, 20% വര്‍ദ്ധനവ് വന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയുടെ ലാഭം 4-5% വരെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വായ്പ കിട്ടാന്‍ വെറും 'സ്‌കോര്‍' മാത്രം പോരാ; എന്താണ് ഈ 2-2-2 റൂള്‍?
'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!