
ദിവസേന ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിലൂടെയല്ല, മറിച്ച് ദീര്‍ഘകാലയളവില്‍ കൈവശം വെയ്ക്കുന്നതിലൂടെയാണ് ധനം കരഗതമാകുന്നതെന്ന് ഓഹരി വിപണിയില്‍ നിന്നും വിജയം വരിച്ചവരുടെ ചരിത്രം നോക്കിയാല്‍ മനസിലാകും. അതായത്, അടിസ്ഥാനപരമായി മികവ് പുലര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുകയും വളര്‍ച്ചയുടെ ഘട്ടത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ ആര്‍ക്കും ഓഹരി വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കാനാകുമെന്ന് സാരം.
അതുപോലെ, മൂലധന നേട്ടത്തിന് പുറമെ അധിക വരുമാനം ലഭ്യമാകുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്. ലാഭവിഹിതം, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക്, ഓഹരി വിഭജനം, അവകാശ ഓഹരി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ഇടവേളകളില്‍ നല്‍കിയ ബോണസ് ഓഹരികളിലൂടെ ദീര്‍ഘകാല നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടിസിഎസ്. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടെ മൂന്ന് തവണയായി 1:1 അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ സമ്മാനിച്ചത്. ഇതിലൂടെ ടിസിഎസ് ഓഹരിയില്‍ അന്നു നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇന്നു 2.20 കോടിയായി വളര്‍ന്നു.
ബോണസ് ഷെയര്‍ ചരിത്രം
2004-ല്‍ ടിസിഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം ആദ്യമായി നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ പ്രഖ്യാപിക്കുന്നത് 2006-ലാണ്. തുടര്‍ന്ന് 2009 ജൂണിലും 2018 മേയിലുമാണ് ബോണസ് ഓഹരി കൈമാറിയത്. ഈ മൂന്ന് തവണയും 1:1 അനുപാതത്തിലായിരുന്നു ബോണസ് ഇഷ്യൂ. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഓരോ ഓഹരി സൗജന്യമായി ലഭിച്ചുവെന്ന് സാരം.
നിക്ഷേപ മൂല്യത്തിലെ മാറ്റം
18 വര്‍ഷം മുമ്പ് 120 രൂപ നിലവാരത്തിലായിരുന്നു ടിസിഎസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അന്നത്തെ വിലയില്‍ ഒരു ലക്ഷം രൂപയ്ക്ക് 833 ഓഹരികള്‍ വാങ്ങാന്‍ കഴിയും. 2006-ലെ ആദ്യ 1:1 അനുപാതത്തിലുള്ള ബോണസ് ഇഷ്യൂവിലൂടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 1,666 ആയി വര്‍ധിച്ചു. സമാനമായി 2009 ജൂണിലെ ബോണസ് ഷെയറിലൂടെ 3,332-ലേക്കും 20180-ലെ ബോണസ് ഇഷ്യൂവിലൂടെ കൈവശമുള്ള ഓഹരികള്‍ 6,664 ആയും ഉയര്‍ന്നു. നിലവില്‍ 3,270 രൂപയിലാണ് ടിസിഎസ് ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. അതിനാല്‍ 6,664 ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 2.20 കോടി രൂപയാകുന്നു. അതായത്, 18 വര്‍ഷം മുന്നെ ടിസിഎസ് ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 2.20 കോടിയായി വളര്‍ന്നുവെന്ന് ചുരുക്കം.
(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)