ബജറ്റ് കാട്ടിക്കൂട്ടലാവില്ല, അവതരിപ്പിക്കുന്നത് അടുത്ത അഞ്ച് വ‍ർഷത്തേക്കുള്ള റൂട്ട് മാപ്പ്: ധനമന്ത്രി

By Web TeamFirst Published Jan 15, 2021, 8:17 AM IST
Highlights

ഇടതുപക്ഷം ലക്ഷ്യമിടുന്ന കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ നി‍ർവചിക്കും. 

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അൽപസമയത്തിനകം നിയമസഭയിൽ അവതരിപ്പിക്കും. വരും മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇടക്കാലബജറ്റാണ് ഇന്ന് ഐസക് അവതരിപ്പിക്കുന്നത്. എന്നാൽ അവസാനവർഷ ബജറ്റായതിനാൽ എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കില്ലെന്നും അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിൻ്റെ ഭാവി വികസനം മുൻനിർത്തി കൊണ്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

മന്ത്രിയുടെ വാക്കുകൾ - 

നിലവിലുള്ള സമ്പദ് പാവങ്ങൾക്ക് പുനർവിതരണം ചെയ്യുക എന്നതാണ് ഇടത് രാഷ്ട്രീയം. അതിപ്പോൾ വിജയകരമായി കേരളത്തിൽ നടപ്പാക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യ വികസനം കൂടി ഒരുക്കുക എന്നത് പ്രധാനമാണ്. കിഫ്ബി ഈ നിലയിലുള്ള ആദ്യപടിയായിരുന്നു. ഇനി തൊഴിലിലായ്മ പരിഹരിക്കണം. അതിനായി ലേബർ മാർക്കറ്റിൻ്റെ കർക്കശ്യം കുറയണം എന്ന് ചില‍ർ പറയുന്നു. എന്നാൽ തൊഴിലാളികളുടെ ജനാധിപത്യ അവകാശം നിലനി‍ർത്തി കൊണ്ടുള്ള തൊഴിൽ സാഹചര്യം ഒരുക്കുക എന്നതാണ് ഇടതുപക്ഷനയം. 

തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനാൽ ചില അടിയന്തര പ്രശ്നം പരിഹരിക്കാനുള്ള നി‍ർദേശമുണ്ടാവും. പാവപ്പെട്ടവൻ്റെ വരുമാനം വർധിക്കുന്നതിനോടൊപ്പം ദീർഷകാലത്തേക്ക് കേരളത്തെ മാറ്റുന്നതിനുള്ള അടിസ്ഥാന പരമായ നി‍ർദേശവും ബജറ്റിൽ മുന്നോട്ട് വയ്ക്കും. ഇടതുപക്ഷം ലക്ഷ്യമിടുന്ന കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ നിർവചിക്കും. 

ഇനി നമ്മുടെ കടമ മറ്റൊന്നാണ്. ജനക്ഷേമം ഉറപ്പ് വരുത്താനും പശ്ചാത്തല സൗകര്യമൊരുക്കാനും നമ്മുക്ക് സാധിച്ചു. എന്നാൽ ഇനി കൊവിഡ് തക‍ർച്ചയിൽ നിന്നും നമ്മുക്ക് രക്ഷപ്പെടണം. പുതിയ തൊഴിലും തൊഴിലവസരങ്ങളും ഉണ്ടാവണം. ഒരു വ‍ർഷം കൊണ്ട് നമ്മുക്കൊന്നും ചെയ്യാനാവില്ല എന്നാൽ അഞ്ച് വ‍ർഷം കൊണ്ട് നമ്മുക്ക് പലതും ചെയ്യാൻ സാധിക്കും.

ഈ സ‍ർക്കാരിൻ്റെ ആദ്യത്തെ ബജറ്റൊരു വഴിത്തിരിവായിരുന്നു. കിഫ്ബി പ്രഖ്യാപിച്ചപ്പോൾ അതിൽ എല്ലാവരും സംശയം പ്രകടിപ്പിച്ചു. ഏറെ ബഹളമുണ്ടാക്കിയ പ്രതിപക്ഷവും കിഫ്ബി തുടരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നല്ല കാര്യം. ഇതു നാടിന് ആവശ്യമാണ്. 

click me!