
അമേരിക്കന്‍ സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം. പുതിയതായി നിയമനം ലഭിച്ച പരിശീലനത്തിനുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 2,80,000 പേര്‍ക്കാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിച്ചത്. ഇവരാണ് പരിശീലനത്തില്‍ ഇപ്പോഴും തുടരുന്നത്. ഇവരുടെയെല്ലാം ഭാവി ഇതോടെ അനിശ്ചിതത്വത്തില്‍ ആയി . രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്ന വെറ്റെറന്‍സ് അഫയര്‍ വകുപ്പ്, യുഎസ് ഫോറസ്റ്റ് സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യഘട്ടം പിരിച്ചുവിടല്‍ ഉണ്ടായത്. വെറ്റെറന്‍സ് വകുപ്പില്‍ ആയിരം പേരെയും ഫോറസ്റ്റ് സര്‍വീസില്‍ 3000 പേരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിന് പുറമേ വിദ്യാഭ്യാസ വകുപ്പ് , ചെറുകിട ബിസിനസ് വകുപ്പ്, കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ, പൊതു സേവന നിര്‍വഹണ വിഭാഗം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളിലെ പരിശീലനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെല്ലാം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോയിലെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചവരില്‍ പരിശീലനത്തില്‍ ഉള്ളതല്ലാത്ത ഉദ്യോഗസ്ഥരും ഉണ്ട് .
യുഎസ് സര്‍ക്കാരിന്‍റെ മാനവ വിഭവശേഷി വിഭാഗമായ ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റിലെ എല്ലാ പ്രൊബേഷണറി ജീവനക്കാരെയും പിരിച്ചിുവിട്ടു. വാഷിംഗ്ടണിലെ ഏജന്‍സിയുടെ ആസ്ഥാനം വിടാന്‍ ഇവരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. , മിക്ക പ്രൊബേഷണറി ജീവനക്കാരെയും നീക്കം ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുന്നതായും സൂചനയുണ്ട്.
പ്രൊബേഷണറി ജീവനക്കാരെന്ത് ചെയ്യും?
ജീവനക്കാരെ മോശം പ്രകടനത്തിനോ മോശം പെരുമാറ്റത്തിനോ മാത്രമേ നിയമപരമായി പിരിച്ചുവിടാന്‍ കഴിയൂ എന്നും ഏകപക്ഷീയമായി പിരിച്ചുവിട്ടാല്‍ അവര്‍ക്ക് അപ്പീല്‍ അവകാശമുണ്ടെന്നും യുഎസ് നിയമം പറയുന്നു. പക്ഷെ പ്രൊബേഷണറി ജീവനക്കാര്‍ക്ക് നിയമപരമായ പരിരക്ഷകള്‍ കുറവാണ്. താങ്കളുടെ കഴിവ്, അറിവ്, വൈദഗ്ധ്യം എന്നിവ നിലവിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും നിങ്ങളുടെ പ്രകടനം പര്യാപ്തമല്ലെന്നും അതിനാല്‍ നിങ്ങള്‍ തുടര്‍ ജോലിക്ക് യോഗ്യനല്ലെന്നും പറയുന്ന പിരിച്ചുവിടല്‍ നോട്ടീസാണ് പ്രൊബേഷണറി ജീവനക്കാര്‍ക്ക് നല്‍കുന്നത്. പിരിച്ചുവിടല്‍ നടപടികളെ ന്യായീകരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജീവനക്കാരുടെ എണ്ണം വളരെയധികം ആണെന്നും ഇതുവഴി ഖജനാവിലെ പണം നഷ്ടപ്പെടുകയാണെന്നും പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്‍റിന് ഏകദേശം 36 ട്രില്യണ്‍ ഡോളര്‍ കടമുണ്ട്, കഴിഞ്ഞ വര്‍ഷം 1.8 ട്രില്യണ്‍ ഡോളര്‍ കമ്മി ഉണ്ടായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മസ്കിനെതിരെ ആരോപണം
അമേരിക്കന്‍ ഭരണകൂടത്തില്‍ നിലവില്‍ നിര്‍ണായക സ്വാധീനമുള്ള ഇലോണ്‍ മസ്കിന്‍റെ നേതൃത്വത്തിലാണ് പിരിച്ചുവിടല്‍ എന്നാണ് ആരോപണം. അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും സര്‍ക്കാരിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ആരംഭിച്ച വകുപ്പാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജി. മസ്കാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പിരിച്ചുവിടലിനെതിരെ പല സംസ്ഥാനങ്ങളിലും നിയമനടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. മസ്കിന് നല്‍കിയ അധികാരം യുഎസ് കോണ്‍ഗ്രസിന്‍റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പടയൊരുക്കം.